കാലം വിരല്‍ ചൂണ്ടിപ്പറയുന്നു…

ഋത്വിക് ബൈജുവിന്റെ ‘ജീവനുള്ള സ്വപ്നങ്ങള്‍’ എന്ന ഡോക്യുമെന്ററിക്ക് (ബയോ-പിക്) സംസ്ഥാന റ്റെലിവിഷന്‍ അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. കുറച്ചുനാള്‍ മുമ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ റ്റെക്നോളജിയുടെ ഫെസ്റ്റിവലിലും റിത്വിക്കിന് അംഗീകാരം ലഭിച്ചിരുന്നു.

ജീവന്‍ മനോജ്

‘ജീവനുള്ള സ്വപ്നങ്ങള്‍’ ആദ്യം കണ്ടത് മാസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ പ്രിവ്യൂ ഒരുക്കിയപ്പോഴായിരുന്നു. അന്ന് മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ കുറിച്ചിട്ടെങ്കിലും പങ്കുവയ്ക്കാനായില്ല. ആ ചിന്തകളാണ് ചുവടെ :

ഋത്വിക് ബൈജുവിന്റെ ‘ജീവനുള്ള സ്വപ്നങ്ങ’ളുടെ പ്രദര്‍ശനം തുടങ്ങുന്നതിനുമുമ്പ് ആ ചിത്രത്തെപ്പറ്റി അതിലെ കേന്ദ്രകഥാപാത്രമായ ജീവന്‍ മനോജ് രണ്ടുമിനിറ്റ് വളരെ ഹൃദ്യമായി സംസാരിച്ചു. കാണാനിരുന്ന ചിത്രത്തെക്കുറിച്ച് ജീവന്‍ പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെ : Hope it will put a smile on your faces.

ഇതിനേക്കാള്‍ സുന്ദരമായ ഒരു ആമുഖം നല്‍കാനില്ലെന്ന് ആ ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ തോന്നിപ്പോയി. പുഞ്ചിരിയിലെ വശ്യതയിലൂടെ, ശബ്ദത്തിലെ ദൃഢതയിലൂടെ, ചെയ്യുന്നതിലൊക്കെ തെളിയുന്ന ആത്മവിശ്വാസത്തിലൂടെ ജീവന്‍ മനോജ് പ്രസരിപ്പിക്കുന്ന ഊര്‍ജത്തിന്റെ സവിശേഷത അനുഭവിച്ചറിയേണ്ട ഒന്നാണ്. ആ അനുഭവത്തെ ഹൃദ്യമായി പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു മികവ്.

ശാരീരിക പരിമിതികള്‍ ഒരാളുടെ ജീവിതത്തിലുയര്‍ത്തുന്ന വെല്ലുവിളികളുടെ പതിവുകാഴ്ചകളിലേക്കോ അവ സൃഷ്ടിച്ചേക്കാവുന്ന വിങ്ങലിലേക്കോ അല്ല നമ്മള്‍ ‍ ചെന്നെത്തുന്നത്.

പകരം, ഇത്തരം വെല്ലുവിളികളെ ഒരു ചിരിയിലൂടെ നിഷ്‌പ്രഭമാക്കി ജീവിച്ചുകാണിക്കുന്ന ഒരാള്‍ക്ക് ആദ്യം സ്വന്തം കുടുംബവും പിന്നെ സമൂഹവും നല്‍കുന്ന പിന്തുണയുടെ അനുകരണീയ മാതൃകയിലേക്കാണ് ഋത്വിക്ക് നമ്മെ നയിക്കുന്നത്. ആ മാതൃകയുടെ കഥ നമ്മള്‍ കേള്‍ക്കുന്നതാകട്ടെ ജീവന്റെ തന്നെ ശബ്ദത്തിലും. ജീവന്റെ ഓരോ വാക്കിന്റെയും ഉറവിടം ആരെങ്കിലും രചിച്ച ഒരു തിരക്കഥയല്ല, മറിച്ച് സ്വന്തം ഹൃദയം തന്നെയെന്ന് ആര്‍ക്കാണ് തോന്നാത്തത്?

പണ്ട് , വീല്‍ ചെയറില്‍ സ്കൂളിലെത്തിയ ജീവനെ കൂട്ടുകാര്‍ തുറിച്ചുനോക്കിയതും അതുശ്രദ്ധിച്ച ക്ലാസ് റ്റീച്ചര്‍ അവരെ വിലക്കിയതും പിന്നീട് സഹപാഠികള്‍ തന്നെ ആ ബോധവത്കരണം ഏറ്റെടുക്കുകയും ചെയ്ത കഥ കേട്ടപ്പോള്‍ ഓര്‍മവന്നത് ദശകങ്ങള്‍ക്കുമുമ്പ് ഫിര്‍ദൗസ് കംഗ എഴുതിയ Trying to Grow എന്ന നോവലിലെ ഒരു സംഭാഷണശകലമാണ്.

ബോംബെയില്‍ ജനിച്ചുവളര്‍ന്ന കംഗ, ജീവനെപ്പോലെ ‘ബ്രിറ്റില്‍ ബോണ്‍സ്’ അസുഖം ബാധിച്ചയാളായിരുന്നു. ഒന്നുവീണാല്‍, എന്തിന്, ആരെങ്കിലും ഒന്ന് വാരിപ്പുണര്‍ന്നാല്‍പ്പോലും എല്ല് ഒടിയുന്ന അവസ്ഥയുള്ളതുകൊണ്ട് ‘ബ്രിറ്റ്’ എന്നായിരുന്നു വീട്ടിലെ ഓമനപ്പേര്. ഓരോ തവണയും എല്ലിന് പൊട്ടലുണ്ടാകുന്നതിനെപ്പോലും ഹാസ്യാത്മകമായി കാണുന്ന ബ്രിറ്റ് തന്നെ തുറിച്ചുനോക്കുന്നവരെ അവഗണിക്കുകയാണ് പതിവ്.

പക്ഷേ, ഒരിക്കല്‍ സിനിമ തിയേറ്ററില്‍ വീല്‍ ചെയറിലിരുന്ന ‘ബ്രിറ്റി’നെക്കണ്ട് ഒരു തുറിച്ചുനോട്ടക്കാരനറിയണം എന്താണ് ‘അസുഖ’മെന്ന്. സിനിമകാണുന്നതിനുപകരം ആ വീല്‍ചെയറിലേക്ക് നോക്കിയിരുന്ന അയാള്‍ ഇന്റര്‍വെല്‍ സമയത്ത് അടുത്തുവന്നു. എന്നിട്ട് ചോദിച്ചു : Sir, what exactly is your problem? പ്രശ്നം എന്നതുകൊണ്ട് അയാളുദ്ദേശിച്ചത് എന്തെന്ന് മനസ്സിലാക്കിയ ബ്രിറ്റ് ചിരിച്ചുകൊണ്ട്, അയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി ഒറ്റവാക്കില്‍ മറുപടി നല്‍കി : “You…”

അതെ, നിങ്ങള്‍ തന്നെയാണ് എന്റെ പ്രശ്നം.

ഇതിവിടെ ഓര്‍ക്കാന്‍ കാരണമുണ്ട്. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ജീവന്‍ ഇന്ന് ബംഗളൂരുവിലാണ്. അതിന് കാരണമായി ജീവന്‍ പറയുന്നു : Bengaluru is more inclusive. And, more wheel chair friendly.

ഒരു പരാതിപോലെയല്ല ജീവന്‍ അത് പറയുന്നത്. സ്വയം ബോദ്ധ്യപ്പെട്ടത് പറഞ്ഞെന്നേയുള്ളൂ.

പക്ഷേ, കേള്‍ക്കുന്ന നമ്മള്‍ അസ്വസ്ഥതയോടെ തിരിച്ചറിയണം – ഒരു ഇന്‍ക്ലൂസിവ് സൊസൈറ്റിയാകാന്‍ സാക്ഷരതയിലും ബോധത്തിലുമൊക്കെ മുന്നില്‍ നില്‍ക്കുന്ന കേരളം പോലും ഇനിയുമെത്ര മാറേണ്ടിയിരിക്കുന്നു!

കാലം വിരല്‍ ചൂണ്ടിപ്പറയുന്നുണ്ട് : “You…”

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation