
പ്രശസ്ത കവിയും പ്രഗത്ഭ അദ്ധ്യാപകനുമായിരുന്ന ഡോ കെ .അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികമായിരുന്നു ഓഗസ്റ്റ് 23. അന്ന് , സുഹൃത്ത് ടി കെ മനോജന്റെയും T.k. Manojan കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ .അജയകുമാറിന്റെയും വക രേഖാചിത്രവും ചെറുകുറിപ്പും കണ്ടപ്പോള്‍ എഴുതണമെന്ന് കരുതിയെങ്കിലും എഴുതിയില്ല.
ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ നവതിയായി . എഴുതിയേക്കാം.
സാഹിത്യത്തില്‍ പണിക്കര്‍ സാറിനോളം പാണ്ഡിത്യമുള്ള ഒരാളെപ്പോലും (വിശേഷിച്ചും അദ്ധ്യാപകരെ) കണ്ടിട്ടില്ല . അത് ചിലപ്പോള്‍ നോട്ടത്തിന്റെ പരിമിതിയുമാവാം.
“തന്നയല്പക്കത്തരവയര് നിറയാപ്പെണ്ണിന് പെരുവയര്‍ നല്‍കും മര്ത്യന് സ്തുതിപാടുക നാം ” എന്ന വരിയിലെ ആക്ഷേപഹാസ്യ മാണ് ഒരു സാധാരണ വായനക്കാരന് എന്ന നിലയില്‍ ആദ്യമായി ശ്രദ്ധിച്ചത്. പക്ഷേ, ബിരുദപഠനകാലത്ത് തിരുവനന്തപുരത്തെ കവിയരങ്ങുളില് അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നി – ഇത് വെറും തമാശയുടെ ആളല്ലല്ലോ …
പിന്നീട് ഒരു ആംഗലസാഹിത്യസെമിനാറിലെ പ്രസംഗം കൂടി കേട്ടപ്പോള്‍ മനസ്സിലെത്തിയത് ഒരു പുസ്തകത്തിന്റെ പേരാണ് : Scholar Extraordinary. കാരണം, വായനയുടെ ആഴവും പരപ്പും അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രതിഫലിക്കുന്നത് കേള്‍ക്കുന്നവര്‍ക്ക് അറിയാം. മാത്രമല്ല, നമ്മുടെ പല പൊള്ളത്തരവും ഒറ്റവരിയില്‍ പറഞ്ഞുചിരിച്ചും ചിരിപ്പിച്ചും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയുമയിരുന്നല്ലോ പണിക്കര്‍ സാറിന്റേത്.
ലെനിന് രാജേന്ദ്രന്റെ സിനിമയിലെ ”നീതന്നെ ജീവിതം സന്ധ്യേ ” എന്ന പാട്ട് ഇഷ്ടപ്പെട്ട ശേഷമാണ് അത് ഡോ. അയ്യപ്പപ്പണിക്കരുടെ ‘പകലുകള്‍ രാത്രികള്‍’ എന്ന കവിതയിലെ ഭാഗമായിരുന്നു എന്ന് അറിയുന്നത് . സ്വജീവിതം, ലോകാവസ്ഥ, പ്രകൃതി അങ്ങനെ പലതിനെയും സ്പര്‍ശിച്ച ആ കവിത ആദ്യമായി മൊത്തത്തില്‍ വായിച്ചപ്പോള്‍ തോന്നിയത് വല്ലാത്തൊരു അത്ഭുതമായിരുന്നു . ആ അത്ഭുതം അദ്ദേഹത്തിന്റെ പല കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വീണ്ടുമറിഞ്ഞു .
സംഘകാലത്തെ തോല്‍ക്കാപ്പിയത്തില്‍ നിന്ന് മുങ്ങിയെടുത്ത തിണസിദ്ധാന്തത്തെ പാശ്ചാത്യരില്‍, വിശേഷിച്ച് ഷേക്സ്പിയറില്‍ കണ്ടെത്തി ആര്‍ക്കും ബോദ്ധ്യമാകുംവിധം സമര്‍ത്ഥിച്ച , ഒരുകവിതയില്ത്തന്നെ പല തലങ്ങളുടെ വിസ്മയം തീര്‍ത്ത പ്രതിഭാശാലി . മാത്രമല്ല , ലളിതമായ വാക്കുകളിലൂടെ വലിയ ചിന്തയിലേക്ക് ആരെയും ആനയിക്കുന്ന ഒരാള്‍ . ‘എത്ര അഗാധ തലങ്ങളില്‍നിന്ന് വരുന്നു നമ്മുടെ പുഞ്ചിരിപോലും ‘ എന്ന വരിതന്നെ പല ഉദാഹരണങ്ങളിലൊന്ന് .
മൊത്തം കവിതയെക്കാള്‍ പ്രശസ്തി അതിലെ കുറേ വരികള്‍ക്ക് സിദ്ധിച്ചതുകണ്ട് കവി പലപ്പോഴും ചിരിച്ചുകാണാനേ വഴിയുള്ളൂ . അങ്ങനെ ചിരിക്കുന്ന ഒരാള്‍ക്കേ ‘പാര്‍ട്ട് ടൈം ഗാന്ധിയന്‍ ‘ എന്നൊക്കെ എഴുതാനാവൂ . ‘കം , തകം, പാതകം’ എന്നുതുടങ്ങി ‘നേന്ത്രവാഴക്കുലപാതക’ത്തിലെത്തിച്ച് ചിരിപ്പിച്ചയാളിന്റെ പേരിലുള്ള ഒരു സാമ്പിള്‍ കഥയുണ്ട് .
ജസ്റ്റിസ് കൃഷ്ണയ്യരെക്കണ്ട നോവലിസ്റ്റ് അനന്തമൂര്‍ത്തി പരിചയം പുതുക്കാന്‍ കൈനീട്ടിക്കൊണ്ട് പറയുന്നു : “യു ആര് അനന്തമൂര്‍ത്തി “
“നോ, വീ ആര് കൃഷ്ണയ്യര്‍ ” എന്ന് തിരുത്തല്പോലൊരു മറുപടി.
ഇതുകണ്ടുനിന്ന പണിക്കര്‍സാര്‍ പറഞ്ഞുപോലും : “സോറി, വീ ആര് നോട്ട് കൃഷ്ണയ്യര്‍ “
കഥ സാങ്കല്പ്പികമാവാം, പക്ഷേ, ഒരു റ്റിപ്പിക്കല് ‘പണിക്കരത്വം’ അതിലുണ്ട്.
അത് സാധാരണ സംഭാഷണത്തില്‍ സ്വാഭാവികമായി, ‘ലഘുവായി, ലളിതമായി’ കയറിവരുന്നവയാണ്.
അതിലൊന്നിങ്ങനെ :
കേരള സര്‍വകലാശാലയുടെ ‘ഡോ അയ്യപ്പപ്പണിക്കര്‍ ബിബ്ലിയോഗ്രഫി’യുടെ പ്രസിദ്ധീകരണം വൈകിയപ്പോള്‍ അവിടെ പി ആര് ഒ ആയിരുന്ന എന്നെ ഫോണില്‍ വിളിച്ചിട്ടു പറഞ്ഞു : ‘സമയം കിട്ടുമ്പോള്‍ അത് വൈകുന്നതെന്തെന്ന് ഒന്നുതിരക്കണം’.
ഞാന്‍ ചോദിച്ചു : ‘ഈ വിവരം വിസിയോട് സൂചിപ്പിക്കട്ടെ സര് ?”
മറുപടി ഇന്നും കാതിലുണ്ട് : “No. Why trouble the Maharajah when the Prince can handle it easily?”
പാണ്ഡിത്യത്തിന്റെ ഗാംഭീര്യത്തെ പെരുമാറ്റത്തിലെ ലാളിത്യത്തില്‍ ഒളിപ്പിച്ചയാളാരുന്നു ഡോ അയ്യപ്പപ്പണിക്കര്‍ . മുന്നിലെത്തുന്നയാള്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ സ്നേഹം ; മറിച്ചാണെങ്കില്‍ ഒട്ടും ഗൗനിക്കില്ല . അതുകൊണ്ടുതന്നെ, മുന്നില്‍ ചെല്ലാന്‍ പലരും ഭയന്നു . എന്തെങ്കിലും മണ്ടത്തരം എഴുന്നള്ളിച്ചുപോവുമോ എന്നതായിരുന്നു അവരുടെ ആശങ്ക . കാരണം , അബദ്ധങ്ങളോട് സാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല. അരമണിക്കൂര്‍ സംസാരിക്കാമെന്ന പ്രതീക്ഷയില്‍ ചെല്ലുന്നവര്‍ ചിലപ്പോള്‍ രണ്ടാം മിനിറ്റില്‍ പുകഞ്ഞുപുറത്തുചാടിപ്പോവും . പെട്ടെന്നുകണ്ടിട്ട് പോകാമെന്നു കരുതി ചെല്ലുന്നയാളാകട്ടെ , അരമണിക്കൂര്‍ കഴിഞ്ഞാലും പുറത്തുവരില്ല . താത്പര്യത്തോടെ സാര്‍ സംസാരിച്ചുതുടങ്ങിയാല്‍ അറിവിന്റെ ആ ഒഴുക്കില്‍നിന്ന് ഒഴിയാന്‍ ആര്‍ക്കാണുകഴിയുക !
അറിവിന്റെ ആ പ്രവാഹത്തിന്റെ സുഖമറിഞ്ഞ എത്രയോ ഭാഗ്യശാലികളുണ്ട് ! അവരില്‍ ഗവേഷകരും വിദ്യാര്‍ത്ഥികളും അതുരണ്ടുമല്ലാത്തവരുമുണ്ട്.
പാണ്ഡിത്യത്തെപ്പറ്റി വേറൊരു കഥ :
കേരള സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ഡോ. അയ്യപ്പപ്പണിക്കര്‍ എത്തിയപ്പോള്‍ നിയമനം സംബന്ധിച്ച് കേസും തര്‍ക്കവും വന്നു . ഇതില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി അന്നത്തെ രജിസ്ട്രാര്‍ പണിക്കര്‍ സാറിന്റെ അമേരിക്കയിലെ അദ്ധ്യാപകനോട് ശിഷ്യനെപ്പറ്റി എഴുതിച്ചോദിച്ചു .
അമേരിക്കന്‍ പ്രഫസറുടെ മറുപടി : “എന്റെ സംശയങ്ങള്‍ തീര്‍ത്തുതരുന്നത് പണിക്കരാണ്.”
എങ്കിലും, ഈ പണ്ഡിതകവി അര്‍ഹിച്ച ആദരം മലയാളം നല്‍കിയോ എന്ന ചോദ്യം പലപ്പോഴും മനസ്സിലുയരാറുണ്ട് . ഇല്ലെന്നൊരു നിരാശയും.