റേഡിയോ ആക്റ്റിവിറ്റി !

സുഹൃത്തും മാദ്ധ്യമപ്രവർത്തകനും സംഗീത ഗവേഷകനുമായ  രവി മേനോന്‍ രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ പ്രക്ഷേപകരിൽ ഒരാളായ അമീൻ സയാനിയെക്കുറിച്ച് എഴുതിയത് വായിച്ചപ്പോഴാണ് ഒരു സയാനിക്കഥ ഓർമയിലെത്തിയത്.
കേബിൾ, ഉപഗ്രഹച്ചാനലുകളുടെ വരവോടെ റേഡിയോ കേൾക്കാൻ ആളില്ലെന്ന തെറ്റായ ധാരണ തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണോ എന്നറിയില്ല, ആകാശവാണിയുടെ പ്രക്ഷേപണസമയത്തെ കഷണം കഷണമാക്കി സ്വാശ്രയ റേഡിയോക്കമ്പനികള്‍ക്ക് വാടകയ്ക്കു നല്‍കി കാശാക്കുന്ന നടപടിയും അക്കാലത്ത് തുടങ്ങിയിരുന്നു. ചുരുക്കത്തില്‍ റേഡിയോയില്‍ പരിപാടി തയ്യാറാക്കുന്നവരുടെ ജോലി ചിലയിടത്ത് സ്ലോട്ട് വില്‍പ്പനയായി ചുരുങ്ങി. റേഡിയോ പ്രവര്‍ത്തനം തീരെ കുറഞ്ഞെന്നുസാരം.
ആയിടയ്ക്ക് ഒരു സുഹൃദ്സദസ്സില്‍ വച്ച് അമീന്‍ സയാനിജി പറഞ്ഞതായി കേട്ടു :
“ ഒരു ആണവനിലയം തകര്‍ന്നാല്‍ രക്ഷപ്പെടാനൊരു മാര്‍ഗം റേഡിയോ നിലയത്തില്‍ അഭയം പ്രാപിക്കുക മാത്രമാണ്. അവിടെയാവുമ്പോള്‍ ‘റേഡിയോ ആക്റ്റിവിറ്റി’ അല്‍പ്പം പോലുമില്ലല്ലോ ..”
കേട്ടവര്‍ ചിരിച്ചുകാണുമെങ്കിലും റേഡിയോ എന്ന മാദ്ധ്യമത്തെ നെഞ്ചോടുചേര്‍ത്ത സയാനിജി ചിരിച്ചുകാണില്ലെന്നാണ് എന്റെ വിശ്വാസം.
ആ കാലമൊക്കെ മാറി രാജ്യം മുഴുവന്‍ ‘റേഡിയോ ആക്റ്റീവ് ‘ ആയതും അതിനൊപ്പമോ അതിലും മെച്ചമായോ ഒക്കെ ആകാശവാണി ആകാശത്തിലൂടെയും ഇന്റര്‍നെറ്റിലൂടെയുമൊക്കെ മുന്നേറുന്നതു കേള്‍ക്കാനും കാണാനും അമീന്‍ സയാനി ജിക്ക് ഭാഗ്യമുണ്ടായതില്‍ സന്തോഷം. റേഡിയോയെ പ്രണയിക്കുന്ന എല്ലാവര്‍ക്കുമൊപ്പം റേഡിയോ ദിനാശംസകള്‍ !

ഫെബ്രുവരി 14, 2020

ബിനാക്കാ ഗീത് മാലയിലൂടെയും പിന്നെ ഒത്തിരി പരസ്യത്തിലൂടെയും റേഡിയോയെ സജീവമാക്കിയ അമീന്‍ സയാനി

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation