‘ലേ ജായേംഗേ’ എന്ന് കേള്‍ക്കുമ്പോ‌ള്‍

ഹീറ്റ് ആന്‍ഡ് ഡസ്റ്റിലെ നവാബ്

ലേ ജായേംഗേ എന്നു കേള്‍ക്കുമ്പോള്‍ ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ’ എന്ന് മനസ്സില്‍ പൂരിപ്പിക്കാനാണ് പലര്‍ക്കുമിഷ്ടം. എന്നാല്‍, ഷോലെയുടെ റെക്കോഡും ഭേദിച്ച് മുംബയിലെ മറാത്താ മന്ദിറില്‍ രണ്ട് ദശകത്തിലേറെ ഓടിയ ആ ഷാരൂഖ് – കാജള്‍ ചിത്രം ഇടക്കിടെ റ്റീവിയില്‍ കാണുമ്പോഴും അതെക്കുറിച്ച് ഓര്‍ക്കുമ്പോഴുമൊക്കെ ‘ലേ ജായേംഗേ, ലേ ജായേംഗേ, ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ‘ എന്നൊരു വരിയിലേയ്ക്ക് മനസ്സ് വഴിതെറ്റിയോടും. ഈ ദില്‍വാലെയേക്കാള്‍ എത്രയോ വര്‍ഷം മുമ്പ് കേട്ടുതുടങ്ങിയ ഒരു ഈണത്തിലാണ് ‘ചോര്‍ മചായേ ശോര്‍ ‘എന്ന സിനിമയിലെ ഈ വരി മനസ്സില്‍ എത്തുക. അപ്പോഴൊക്കെ മനസ്സിന്റെ സ്ക്രീനില്‍ തെളിയുന്ന പുഞ്ചിരിക്കുന്ന സുന്ദരവദനം ഷാരൂഖിന്റേതല്ല, ശശി കപൂറിന്റേതാണ്.

കഴിഞ്ഞ ദിവസം ശശി കപൂറിന്റെ നിര്യാണവാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ വീണ്ടും ആ മുഖത്തെ പല ഭാവങ്ങള്‍ മനസിലെ സ്ക്രീനില്‍ വന്നുപോകുന്നു.
ഇന്‍ഡ്യന്‍ സിനിമയിലെ അതിസുന്ദരന്‍മാരെ വെറുതെ തിരഞ്ഞാല്‍ ( അമ്പതുകഴിഞ്ഞ പലര്‍ക്കും ) ആദ്യം ഓര്‍മ്മവരുക ശശി കപൂറിന്റെ ചിരിക്കുന്ന മുഖമാണ്. ആ ചന്തത്തിന്റെ വശ്യതയും പ്രഭാവവും പഴയകാല നടി ഷര്‍മിള ടാഗോറിനെ വല്ലാതെ വലച്ച കഥ ഒരിക്കല്‍ വായിച്ചിരുന്നു. 1964 ല്‍ ശക്തി സാമന്തയുടെ ‘കാശ്മീര്‍ കി കലി’യുടെ ചിത്രീകരണം നടക്കുന്നു. ‘ഇഷാരോം ഇഷാരോം മേ ദില്‍ ലേനേവാലേ’ എന്ന ഗാനരംഗം. നായകവേഷം അണിഞ്ഞ ഷമ്മി കപൂറിനെ കാണാനാണ് ശശി അവിടെ എത്തിയത്. ആളൊരു കസേരയിലിരുന്നു. ‘പ്രേം പത്ര’ എന്ന സിനിമയിലെ നായകന്‍ ശശി കപൂറാണല്ലോ മുന്നിലിരിക്കുന്നതെന്നും ആളെത്ര സുന്ദരനെന്നുമുളള ചിന്തയി

ചോര്‍ മചായേ ശോറിലെ ലേ ജായേംഗേ എന്ന ഗാനരംഗം

ല്‍ ഷര്‍മിളയുടെ ശ്രദ്ധ പാളി. ഒരുതരം ടോട്ടല്‍ ഡിസ്‌ട്രാക്ഷന്‍ … ഒരു ഷോട്ടും ശരിയാവുന്നില്ല. ഒടുവില്‍, ‘പ്രശ്നം’ മനസ്സിലാക്കിയ സംവിധായകന്‍ ശക്തി വന്ന് ശശിയോട് സ്നേഹത്തോടെ പറഞ്ഞു :’ഒന്ന് പോയാല്‍ ഉപകാരമായിരുന്നു’.

ചന്തത്തില്‍ മയങ്ങി അദ്ദേഹത്തിലെ അനുഗൃഹീത നടനെ കാണാതെ പോയവരും കാണാന്‍ വൈകിയവരുമുണ്ട്. 1963 ലെ മര്‍ച്ചന്റ് ഐവറി ചിത്രമായ ‘ദ ഹൗസ് ഹോള്‍ഡറി’ലെ നിര്‍ധനനായ സ്കൂള്‍ അദ്ധ്യാപകന്റെ വേഷം ശശിക്ക് നല്‍കിയപ്പോള്‍, അത് ഈ അതിസുന്ദരന്‍ എങ്ങനെ ചെയ്യും എന്നായിരുന്നു കഥാകാരി റൂത്ത് പ്രവാര്‍ ജബ്‌വാലയുടെ സന്ദേഹം. പിന്നെ, കഥാപാത്രത്തിനനുസരിച്ച് മുടിവെട്ടിച്ച് , ചരിച്ച് ചീകി ഒത്തിരി ശ്രമിച്ചാണ് ആ സന്ദേഹം മാറ്റിയെടുത്തത്.
മുഖകാന്തി അവിടെ നില്‍ക്കട്ടെ. ശശി കപൂറിനെ സംബന്ധിച്ച്, അതിനെക്കാള്‍ പ്രധാനമായി മറ്റു പലതുമുണ്ട്. ഒന്നാമതായി, ഇന്‍ഡ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്ര താരമാണ് ശശി കപൂര്‍ . ഇന്‍ഡ്യന്‍ സിനിമയുടെ വക്താവായി, പ്രതിനിധിയായി ലോകം ഏറെനാള്‍ അദ്ദേഹത്തെക്കണ്ടു. നാടകത്തെയും പ്രേക്ഷകരോടുള്ള അതിന്റെ അടുപ്പത്തെയും ഒത്തിരി സ്നേഹിച്ച ഈ നടന്‍ പഠനം ഉപേക്ഷിച്ചാണ് പതിനഞ്ചാം വയസ്സില്‍ പ്രിഥ്വി തിയറ്ററിലെത്തിയത്. ആര്‍ട്ട് സിനിമയില്‍ നിന്ന് ഷേക്സ്പിയര്‍ നാടകങ്ങളിലേയ്ക്കും അമേരിക്കന്‍ സിനിമയിലേയ്ക്കും അവിടെനിന്ന് നേരേ ബോളിവുഡിലേയ്ക്കും സ്വാഭാവികതയോടെ ഒഴുകിയിറങ്ങാന്‍ പോന്ന അപൂര്‍വവഴക്കമുണ്ടായിരുന്ന നടന്‍ . അദ്ദേഹമഭിനയിച്ച ‘ഹീറ്റ് ആന്‍ഡ് ഡസ്റ്റ് ‘1983 ല്‍ കാനില്‍ എത്തിയിരുന്നു. ‘സിദ്ധാര്‍ത്ഥ’ വെനീസിലും. രാജ്യാന്തര സിനിമാമേളകളിലെ പതിവു സാന്നിദ്ധ്യമായിരുന്നു അന്നൊക്കെ ശശി കപൂറും അദ്ദേഹത്തിന്റെ ചിത്രങ്ങളും.

‘ഇഷാരോം ഇഷാരോം മേ ദില്‍ ലേനേവാലേ’ : ഷര്‍മിള ടാഗോര്‍

ഇഷ്ടപ്പെടുന്ന സിനിമയ്ക്കുവേണ്ടി എന്ത് കോംപ്രമൈസിനും തയാറായിരുന്നു. 1983ല്‍ ന്യൂ ഡല്‍ഹി ടൈംസ് എന്ന ചിത്രത്തിന്റെ കഥപറയാന്‍ ചെന്ന രമേഷ് ശര്‍മയുടെ ആവേശം കണ്ട് ‘നൂറ്റി ഒന്ന് രൂപ അഡ്വാന്‍സ് തന്നുകൊള്ളൂ. ഇന്ന് നല്ല ദിവസമാണ്” എന്നുപറഞ്ഞ് ആ സംവിധായകനെ ഞെട്ടിച്ചു. പ്രതിഫലമായി, അതിനും 20 വര്‍ഷം മുമ്പ് വാങ്ങിയിരുന്ന തുകയായ ഒരു ലക്ഷം മതിയെന്നും സമ്മതിച്ചു. (വെളിയിലാരോടും പറയരുതെന്ന ഉറപ്പിന്മേല്‍) നിര്‍മ്മിക്കുന്ന സിനിമ നഷ്ടത്തിലാവുന്നതിന്റെ അനുഭവം അദ്ദേഹവും പലതവണ അറിഞ്ഞതാണ്. പക്ഷേ, സിനിമ ഒരു ആവേശമാകുമ്പോള്‍ എന്തു ചെയ്യാന്‍ ? (പണ്ട്, നടി ജെന്നിഫര്‍ കെന്‍ഡലിനെ പ്രിഥ്വി നാടകവേദിയുടെ കര്‍ട്ടനിടയിലൂടെക്കണ്ട് ഇഷ്ടപ്പെട്ട്, അപ്പോള്‍ത്തന്നെ ഓടിച്ചെന്ന് വിവാഹാഭ്യര്‍ത്ഥ്യന നടത്തിയതും ഒരു എതിര്‍പ്പിനെയും വകവയ്ക്കാതെ വിവാഹം കഴിച്ചതും ആവേശത്തിന്റെ മറ്റൊരു കഥ. വര്‍ഷങ്ങള്‍ക്കുശേഷം, ജന്നിഫര്‍ കാലത്തിന്റെ തിരശ്ശീലയ്ക്കുപിന്നില്‍ എന്നെന്നേയ്ക്കുമായി മറഞ്ഞനാള്‍ മുതലാണ് ഈ നടനും സ്വയം തീര്‍ത്തൊരു തിരശീലയ്ക്കുപിന്നിലേയ്ക്ക് ഉള്‍വലിഞ്ഞത് )

എഴുപതുകളിലെയും എണ്‍പതുകളിലെയും സ്വതന്ത്ര സിനിമയെ പിന്താങ്ങിയ ഒരു നിര്‍മ്മാതാവുകൂടിയായിരുന്നു ഈ താരം. നടീനടന്മാര്‍ സിനിമയില്‍ നിന്ന് പണവും പ്രശസ്തിയും നേടുന്നവരായതിനാല്‍, ചലച്ചിത്ര, നാടകരംഗങ്ങളെ നിലനിര്‍ത്താനുള്ള ബാദ്ധ്യത അവര്‍ക്കുണ്ടെന്ന് വിശ്വസിച്ച , അതിനുവേണ്ടി ശബ്ദമുയര്‍ത്തിയ അപൂര്‍വം താരങ്ങളിലൊരാള്‍. 1993 ല്‍ മുംബയ് കലാപം നടന്നപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു സമുദായത്തില്‍പെട്ടവര്‍ക്ക് വീട് ഇനി നല്‍കേണ്ട എന്ന് ഏവരും തീരുമാനിച്ചപ്പോള്‍, അതിനെതിരെ കയര്‍ത്ത് ശബ്ദിച്ച് ഇറങ്ങിപ്പോയ ഏക വ്യക്തി !

“ശമിതാഭ്” …കാലഘട്ടം തീര്‍ത്ത ശശിയും അമിതാഭും

സിനിമയിലെ ഒരു ഗംഭീരപ്രവചനത്തിന്റെ ക്രെഡിറ്റും ശശി കപൂറാറിനുണ്ട്. അദ്ദേഹത്തിന്റെ ‘ബോംബേ ടോക്കീ’ യില്‍ ഒരു ആള്‍ക്കൂട്ടത്തിലെ നടനോട് ശശി പറഞ്ഞു : “ഇതില്‍ കയറി നില്‍ക്കണ്ട. ഇത്തരം ബിറ്റുകളല്ല നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് . ഇതിലൊക്കെ വലുതാണ്..” ആ റോളിന് കിട്ടുമായിരുന്ന 50 രൂപ നഷ്ടപ്പെടുത്തിയതിന്റെ പിണക്കത്തോടെ ആ യുവനടന്‍ പിന്മാറി. ഈ നടനോടൊപ്പമാണ് ശശി കപൂര്‍ 70 കളിലും 80 കളിലും ഒരു തരംഗം തന്നെ സൃഷ്ടിച്ചത്. ആ തരംഗത്തിന്റെ പേര് “ശമിതാഭ്” എന്നാണെന്നറിയുമ്പോള്‍ , ആ നടനാരെന്ന് പറയേണ്ടതില്ലല്ലോ. ഈ പ്രവചനത്തിന്റെ കഥ ബച്ചനും ശരിവച്ചെന്ന് അസീം ഛാബ്ര ശശി കപൂറിനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു.
1994 ല്‍ ബോംബെ‍ ആകാശവാണിക്കുവേണ്ടി ഒരു അഭിമുഖത്തിനായി ഫോണിലൂടെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം മടിച്ചുമടിച്ച് ചോദിച്ചു : ‘എനിക്ക് വരാന്‍ ഒരു ടാക്സി അയക്കാമോ?
ആ ചോദ്യം ഓര്‍മ്മിപ്പിച്ചത് വേറൊരു കഥ .
സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഓടിയെത്തി, ക്യാമറയ്ക്കുമുന്നില്‍ നിന്ന് , കഥ ഏതെന്നോര്‍മ്മയില്ലാതെ “ബോലോ, ലൈന്‍ ക്യാ ഹൈ?” എന്ന് ചോദിക്കുന്ന ശശിയുടെ തിരക്കുകണ്ട് രാജ് കപൂര്‍ ശാസിച്ചത്രേ : “നീ താരമല്ല. ടാക്സിയാണ്. ഒരു നിര്‍മാതാവ് വിളിച്ച് മീറ്ററിടുന്നു, നീ ഓടുന്നു. നിര്‍ത്തുമ്പോള്‍ അടുത്തയാള്‍ കയറുന്നു, മീറ്ററിടുന്നു…” തിരക്കുമൂലം പലപ്പോഴും ടാക്സിയിലുറങ്ങിയ കാലവുമായിരുന്നത്രേ അത്
അഭിമുഖത്തിനായി അന്ന് ടാക്സിക്കു പകരം ആകാശവാണിയുടെ വാഹനത്തില്‍ത്തന്നെ സ്റ്റുഡിയോയില്‍ എത്തിച്ചു. ‘ഉത്സവ് ‘എന്ന സിനിമയില്‍ കണ്ടതിനെക്കാള്‍ നന്നായി ചീര്‍ത്തിരുന്നു അന്ന്. അലക്ഷ്യമായ വേഷം, ചീകാത്ത മുടി. എന്നിട്ടും റെക്കോഡിംഗ് ബൂത്തിലുണ്ടായിരുന്ന പെണ്‍കുട്ടി അത്ഭുതത്തോടെ പലതവണ പറഞ്ഞതോര്‍ക്കുന്നു : മൈ ഗോഡ് ! സോ ഹാന്‍ഡ്സം….

Share This:

0 Thoughts on “‘ലേ ജായേംഗേ’ എന്ന് കേള്‍ക്കുമ്പോ‌ള്‍

 1. Your comment is awaiting moderation.

  You reported that well!
  http://canadianonlinepharmacynnm.com/
  pharmacy price comparison
  canadian pharmacy
  medication costs
  canada pharmaceutical online ordering

Leave a Reply

Your email address will not be published. Required fields are marked *

Post Navigation