ആരോഗ്യവാനായിരുന്ന കാലത്ത് കേരള സര്‍വകലാശാലയിലെ പതിവു സാന്നിദ്ധ്യമായിരുന്നു സ്വാതന്ത്ര്യ സമരസേനാനി കെ ഇ മാമ്മന്‍ സര്. സര്‍വകലാശാലയുടെ ഗാന്ധിയന്‍ പനകേന്ദ്രത്തിലെ സ്ഥിരം പ്രസംഗകന്. ആരുടെയെങ്കിലും പരാതിയും കൊണ്ട് (റിസല്‍ട്ട് വന്നില്ല, മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ല തുടങ്ങിയവ) ഇടക്കിടെ ജനസമ്പര്ക്കവിഭാഗത്തില് വരും. അദ്ദേഹത്തെ പരീക്ഷാവിഭാഗത്തിലേക്ക് പോകാന്‍ അനുവദിക്കാതെതന്നെ എങ്ങനെയും പ്രശ്നം തീര്ത്തുവിടുകയായിരുന്നു പതിവ് .
എല്ലാ വര്‍ഷവും സര്‍വകലാശാലയുടെ ഡയറി ഒരെണ്ണം മാമ്മന്‍ സാറിനായി മാറ്റിവയ്ക്കും. കാരണം, ജനുവരിയിലെ വരവില്‍ ‘എന്റെ ഡയറി എവിടെ?’ എന്നൊരു ചോദ്യം ഉറപ്പായിരുന്നു, ഒരവകാശം പോലെ.
സൂക്ഷിച്ചാണ് അദ്ദേഹത്തോട് എന്നും ഇടപെട്ടത്. എന്തെങ്കിലും നടപടി വൈകിയാല്‍ തനി കോട്ടയം ശൈലിയിലൊരു ഭീഷണിയുണ്ട് : ‘ദേ, ഞാനിപ്പോ ഹയ്ക്കോടതീ പോകുമേ.’
കൊച്ചുകാര്യത്തിനുപോലും പിണങ്ങുമെങ്കിലും സ്നേഹത്തിനൊരു കുറവുമില്ല, ആരോടും.
ഓഫീസിലെ സീലിങ്ങില്‍ ചോര്‍ച്ചയുടെ അടയാളം കണ്ട് ചോദിച്ചു : ‘ഇതെന്നാ ഇങ്ങനെ? ഒന്നുരണ്ടു മാസമായല്ലോ, ഇത് ഇതുവരെ ശരിയായില്ലേ?’
ടെന്‍ഡര്‍ ആയി, ഉടന്‍ ശരിയാക്കും എന്ന് പറഞ്ഞപ്പോള്‍ സാറിന്റെ ഓഫര്‍ : ‘പ്രശ്നം വല്ലതും ഉണ്ടെങ്കില്‍ പറഞ്ഞേരെ, ഞാന്‍ നിരാഹാരം കിടക്കാം ‘
ഒരു പരുവത്തിനാണ് അന്ന് അതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
നര്‍മ്മബോധം കൈവിടാത്ത സമരക്കാരനായിരുന്നു മാമ്മന്‍ സര്. ഒരു ആത്മകഥ എഴുതണ്ടേ എന്ന് ചോദിച്ചപ്പോള്‍ : ‘ അയ്യേ ! എന്നാത്തിനാ? എന്റെ കഥയൊന്നും ആര്‍ക്കും മാതൃകയല്ല. സാക്ഷാല്‍ ഗാന്ധിജിയെ വായിച്ചിട്ട് ശരിയാകാത്തിടത്താ ഇനി എന്റെ കഥ!”
ഒരു സന്ധ്യനേരത്ത് എന്റെ ഓഫീസില്‍ ലൈറ്റുകണ്ടപ്പോള് അതുവഴി പോയ അദ്ദേഹം കയറിവന്നു . എന്നിട്ട് സ്നേഹത്തോടെ ചോദിച്ചു : ‘ഒത്തിരി ജോലിയാ, അല്ലേ?’
വെറുതെ ചിരിച്ചപ്പോള്‍ വരുന്നു തനി കോട്ടയം ശൈലിയില്‍ ഉപദേശം : ‘ഇങ്ങനൊന്നും ആയാലൊക്കത്തില്ല. സമയത്തിന് വീട്ടിപ്പോണം. കുടുംബത്തെയും കൊണ്ട് വല്ലപ്പോഴും ഒരു സിനീമായ്ക്കൊക്കെ പോണം, കേട്ടോ?’
എണ്‍പതുകഴിഞ്ഞ ഒരു ക്രോണിക് ബാച്ചിലറുടെ ഉപദേശം കേട്ട് ചിരിച്ചുപോയി.
ചിരിയുടെ അര്‍ത്ഥം മനസ്സിലക്കിയ അദ്ദേഹം പറഞ്ഞു : “ഹല്ല !, എനിക്കതൊന്നും പറ്റുകേല ! അതുകൊണ്ടല്ലേ ഞാന്‍ കല്യാണമൊന്നും കഴിക്കാതെ ഒറ്റയ്ക്കിങ്ങനെ നടക്കുന്നത് !”
ഒറ്റയ്ക്ക് നടക്കുക മാത്രമല്ല, ഒറ്റയ്ക്ക് സമരവും ചെയ്തിരുന്നയാളായിരുന്നു മാമ്മന്‍ സാര്‍ .
കേരളം സാമ്പത്തികപ്രതിസന്ധി നേരിടുന്നെന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞതറിഞ്ഞ് മന്ത്രിസഭായോഗത്തില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന് ആയിരം രൂപയുടെ ചെക്ക് സംഭാവനനല്കി . മറ്റൊരിക്കല്‍, മുണ്ട് ഉടുത്തുവന്ന കുട്ടിയെ പുറത്താക്കി വിവാദം സൃഷ്ടിച്ച സ്വാശ്രയ കോളേജിന്റെ പ്രിന്‍സിപ്പലിന് ഒരു മുണ്ട് സമ്മാനിച്ചിട്ട് ഇറങ്ങിപ്പോന്നു: പ്രതീകാത്മകമായ ഒരു ഒറ്റയാള്‍ പ്രതികരണം.
ഒറ്റയ്ക്കിറങ്ങിയാലും എന്തെങ്കിലുമൊക്കെ നടക്കുമെന്നും ‘ഒറ്റ’യുടെ ശക്തി അത്ര ചെറുതല്ലെന്നും പലതവണ ഓര്‍മ്മിപ്പിച്ച ഒരാള്‍.
—————————————————————–