ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മ

  തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്നൊക്കെ (1984)  വൈകുന്നേരമായിരുന്നു   ക്ലാസ്.

 വൈകിക്കയറിയതിനാല്‍ അന്നും ക്ലാസ് തുടങ്ങിക്കഴിഞ്ഞിരുന്നു.

 ക്ലാസ്സിലിരുന്ന് രണ്ടുമിനിട്ടാവും മുമ്പ് എന്തോ പോലെഒരു തോന്നല്‍

 പഠിപ്പിക്കുന്നയാളിന്റെ ശബ്ദം വല്ലാതെ അലട്ടുന്നതുപോലെ

l-prathapa-varma1

എല്‍ പ്രതാപവര്‍മ്മ, അഥവാ, മലയാളികളുടെ പ്രിയപ്പെട്ട പ്രതാപന്‍.

എവിടെയൊക്കെയോ കേട്ടിട്ടുള്ള, വളരെയടുത്തറിയുന്ന ശബ്ദം.

മുഖം ഒരു പരിചയവുമില്ല. പക്ഷേ, ആ ശബ്ദം

അദ്ധ്യാപകന്‍ ഒന്നുതിരിഞ്ഞപ്പൊള്‍, അടുത്തിരുന്ന ദേവന്‍ എന്ന സുഹൃത്തിനെ തോണ്ടി : ‘ആരാ ഇത്?’

ഇന്‍സ്റ്റിറ്റ്യൂ ട്ട് രേഖകള്‍ പ്രകാരം ദേവനും ഞാനും സമപ്രായക്കാരായിരുന്നെങ്കിലും ആളിന്റെ മുഖത്ത് അന്നേ ഒരു എഡിറ്ററുടെ ഗൗരവമുണ്ടായിരുന്നു. അതിലൊരു കുറവും വരുത്താതെ ദേവന്‍ പറഞ്ഞു : ‘പ്രതാപവര്‍മ്മ‘.

അതാരപ്പാ ? അങ്ങനെയൊരു ആളിനെ എനിക്കറിയില്ലല്ലോ .

ദാവീണ്ടും ആ ശബ്ദം , അതേ കണ്‍ഫ്യൂഷനും.

മുഖഭാവം ശ്രദ്ധിച്ചാവും ദേവന്‍ ശബ്ദം താഴ്‌ത്തിപ്പറഞ്ഞു : ‘വാര്‍ത്തകള്‍ വായിക്കുന്നത് ..’

! പ്രതാപന്‍ !’ – ഒരു കണ്ടെത്തലെന്നപോലെ ഞാന്‍ ആ വാക്യം പൂര്‍ത്തിയാക്കി.

വര്‍ഷങ്ങളായി , ഈ ശബ്ദം കേള്‍ക്കാത്ത ദിവസമില്ല. കേട്ടുകേട്ട് കേരളത്തിലെ ഓരോ വീട്ടിലും ഒരംഗത്തെപ്പോലെയായിക്കഴിഞ്ഞിരുന്നു ആ യുവശബ്ദം‘. പക്ഷേ, അതു കേള്‍ക്കുമ്പോഴൊക്കെ മനസ്സിലെത്തിയിരുന്ന നിത്യഹരിതരൂപമേയല്ല മുന്നില്‍ നില്‍ക്കുന്നത്.

കേട്ടുകേട്ട് ജനമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞിരുന്ന ആ ശബ്ദത്തിന്റെ ഉടമയെ ആദ്യമായി തിരിച്ചറിഞ്ഞതിലെ സുഖവും കൗതുകവും ഒന്നുവേറെയായിരുന്നു. പില്‍ക്കാലത്ത് എത്രയെത്ര താരങ്ങളെപരിചയപ്പെട്ടിട്ടുണ്ടെങ്കില്ലും ഇങ്ങനെ ഒരു ഹര്‍ഷമുണര്‍ത്താന്‍ ആ പരിചയപ്പെടലുകള്‍ക്കൊന്നും കഴിഞ്ഞിട്ടേയില്ല.

പിന്നീട്, ക്ലാസ് കഴിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ടിനുവെളിയില്‍ അരമണിക്കൂറെങ്കിലും ചര്‍ച്ച ഒരു പതിവായി. പഠിപ്പിക്കുന്നയാളും പഠിക്കുന്നവരുമെന്ന അന്തരം മറഞ്ഞു . സാഹിത്യം, മാദ്ധ്യമരംഗം, കല.. .. ചര്‍ച്ചയ്ക്ക് വിഷയങ്ങള്‍ക്കൊരു പഞ്ഞവുമില്ലായിരുന്നു. അന്ന്, ചാനലായി ദൂര്‍ദര്‍ശന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വാഭാവികമായും റേഡിയോയിലെ വാര്‍ത്താവതാരകരൊക്കെ റ്റീവിയിലുമെത്തുമെന്ന് പലരും ആദ്യം കരുതിയിരുന്നു. എന്നാല്‍, അങ്ങനെ പാടില്ലെന്ന് ആദ്യം മുതലേ പറഞ്ഞിരുന്ന ഒരാള്‍ പ്രതാപന്‍ സാറായിരുന്നു. (താമസിയാതെ എല്ലാവര്‍ക്കുമത് ബോദ്ധ്യമാവുകയും ചെയ്തു ). ഏതു പുതിയ മാദ്ധ്യമം വന്നാലും റേഡിയോയുടെ ഇടം ഭദ്രമെന്ന തികഞ്ഞ വിശ്വാസമായിരുന്നു അദ്ദേഹത്തിനെപ്പോഴും. വാര്‍ത്തയെക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു. വാര്‍ത്തയില്‍ കൗതുകത്തെക്കാള്‍ വലിയ കാര്യങ്ങളുള്ള സ്ഥിതിക്ക് കൗതുകവാര്‍ത്തഅവതരിപ്പിക്കാന്‍ വയ്യെന്ന് പറഞ്ഞ് ആദ്യമേ ഒഴിഞ്ഞതിന്റെ കാരണവും ഈ വ്യത്യസ്ത കാഴ്ചപ്പാടുതന്നെ.

റിട്ടയര്‍ ചെയ്ത ശേഷവും കരാറടിസ്ഥാനത്തില്‍ വാര്‍ത്തവായന ആയിക്കൂടേയെന്ന ചോദ്യത്തിനുള്ള മറുപടിയോ? : “ഏയ്, അതൊക്കെ മഹാ ബോറ്…”

ആകാശവാണിയിലെ പലരുടെയും അഭിപ്രായങ്ങളിലൂടെയാണ് ആളിനെ കൂടുതലറിയാന്‍ കഴിഞ്ഞത്. നന്നായി വായിക്കും . അതിന്റെ ഗുണം ഭാഷയിലുണ്ട്. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ വേണ്ടി എഴുതിയില്ല. അതിനുള്ള ക്ഷമയുമില്ല. നന്നായി പാടും. പ്രശസ്ത സംഗീതജ്ഞന്‍ എല്‍ പി ആര്‍ വര്‍മ്മയുടെ അനിയന്‍ പാടുന്നതില്‍ ആര്‍ക്കത്ഭുതം? പക്ഷെ, വീട്ടിനുവെളിയില്‍ പാടില്ല. അപ്രതീക്ഷിതമായി പെട്ടെന്ന് പിണങ്ങും. ആ സമയത്ത് മുന്നില്‍ ചെന്നാല്‍ കണ്ടഭാവം പോലും നടിക്കില്ല. അതുപോലെ വേഗം ഇണങ്ങുകയും ചെയ്യും.

വിവര്‍ത്തനത്തിലെ പാടവം ഒന്നുവേറെതന്നെയായിരുന്നു. ആകാശവാണി ഡല്‍ഹിനിലയത്തിലെ വാര്‍ത്താവതാരകനായിരുന്നപ്പോള്‍ സുഹൃദ്‌വലയത്തിലുണ്ടായിരുന്നവരെല്ലാം അതിപ്രശസ്തരും പ്രഗത്ഭരും – ഒ വി വിജയന്‍, കാക്കനാടന്‍, എം പി നാരായണപിള്ള, വി കെ എന്‍ ,ഓംചേരി അങ്ങനെപലരും. ഖസാക്കിന്റെ ഇതിഹാസത്തിന്റെ കയ്യെഴുത്തുപ്രതി ഒ വി വിജയന്‍ ആദ്യമായി വായിക്കാന്‍ നല്‍കിയത് ഈ സുഹൃത്തിനായിരുന്നു. കാരണം, അതിന്റെ ശൈലിയെയും ഭാഷയെയും പറ്റി കൃത്യമായ അഭിപ്രായം പറയാന്‍ ഏറ്റവും പ്രാപ്തനാരെന്നതില്‍ ഒ വി വിജയന് സംശയമേയില്ലായിരുന്നു.

ijtപക്ഷെ, ഇതൊന്നും ഒരിക്കലും നമ്മുടെ വാര്‍ത്താവതാരകന്‍ പറഞ്ഞു കേട്ടിട്ടില്ല.

പലയിടത്തുനിന്നും കേട്ടറിഞ്ഞ ഈ കാര്യങ്ങളൊക്കെ ഒന്ന് എഴുതിക്കൂടേയെന്ന്

ചോദിച്ചപ്പോഴൊക്കെ, ‘ ങ്ഹാ! നോക്കട്ടെ എന്ന് അലക്ഷ്യമായിപ്പറഞ്ഞ്

അപ്പോള്‍ത്തന്നെ മറക്കുന്നതായിരുന്നു രീതി.

 ആ ശബ്ദം ആകാശവാണിയുടെ ശബ്ദശേഖരത്തിലുണ്ടാവുമോ എന്ന് തിരക്കിയിരുന്നു. ഇല്ലെന്നായിരുന്നു ആദ്യം കേട്ടത്. സൂക്ഷിച്ചിട്ടുള്ള             ഒന്നോ                    രണ്ടോ പഴയ അഭിമുഖങ്ങളിലുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. അതെങ്കിലും മായാത്തത് ഭാഗ്യം .

മായാതെനില്‍ക്കുന്ന ചില ഓര്‍മ്മകളുണ്ട്. ആകാശവാണി ബോംബെ നിലയത്തിലെ എന്റെ സേവനകാലത്ത് ഒരുദിവസം അദ്ദേഹം ഭാര്യ സുമംഗലവര്‍മ്മയുമൊത്ത് മുന്നില്‍ നില്‍ക്കുന്നു ! മഹാനഗരത്തില്‍ വന്നപ്പോള്‍ അവിടെവന്ന് പഴയൊരു ശിഷ്യനെ കാണണമെന്ന് തോന്നിയതിലെ നന്മയെ മറക്കാനാവില്ല.

ആകാശവാണിയില്‍ നിന്ന് ഞാന്‍ കേരള സര്‍വകലാശാലയില്‍ ചേര്‍ന്നകാലത്ത് എന്തിനോ അദ്ദേഹം എന്നോട് അല്‍പ്പം പരിഭപ്പെട്ടിരിക്കുകയാണെന്ന് അറിഞ്ഞു. പരിഭവക്കാര്യം പറഞ്ഞയാള്‍ ഒന്നുകൂടി പറഞ്ഞു: “ആളിപ്പോള്‍ ചികിത്സയിലാണ്. ഡയാലിസിസും മറ്റും നടക്കുന്നു“.

മകന്‍ ജയദേവിനെയോ മകള്‍ വന്ദനയെയോ വിളിച്ച് പിണക്കക്കാര്യം തിരക്കണമോ ? വേണ്ട, ചികിത്സ കഴിഞ്ഞ് ഒരു ദിവസം പോയിക്കണ്ട് നേരിട്ട് ചോദിക്കാം.

devan1

ദേവനെ ഈയിടെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍. ആകാശവാണിയിലും ദൂര്‍ദര്‍ശനിലുഇമൊക്കെ ഒരു പെര്‍ഫക്ട് ന്യൂസ് മാന്‍ എന്ന ഖ്യാതി നേടിയ ദേവന് അന്നും ഈ ഗൗരവം തന്നെയായിരുന്നു. കഷണ്ടിയുടെ തുടക്കവും അന്നേ കണ്ടിരുന്നു..

അങ്ങനെയിരിക്കെ , ഒരു ഫോണ്‍ കോള്‍.

ഹലോ, ഞാനിതൊരു പഴയ സുഹൃത്താണ് ..ഓര്‍ക്കുന്നോ?”

ക്ഷീണിച്ച ആ ശബ്ദത്തെ ഓര്‍മ്മയില്‍ ചികയുന്നതിനിടെ : “ഞാന്‍ പ്രതാപന്‍

സുഹൃത്തെന്ന വിളിയിലെ ആശ്ചര്യത്തിനിടയിലും ആ നിത്യഹരിതശബ്ദത്തെ അപരിചിതമാക്കിയ ക്ഷീണം മനസ്സിനെ അലട്ടി. ആ സ്നേഹസംഭാഷണത്തിനിടയില്‍ പരിഭവക്കാര്യം ചോദിക്കാന്‍ തോന്നിയില്ല. ചികിത്സയെപ്പറ്റി തിരക്കി :”ങ്ഹാ ! അതിങ്ങനെ നടക്കുന്നു

പിന്നീടൊരു മഴച്ചാറ്റലുള്ള ഉച്ചനേരത്ത് നിശ്ചലമായ ആ ശരീരം നോക്കിനില്‍ക്കുമ്പോള്‍ പരിഭവക്കാര്യം ഓര്‍മ്മയിലേ വന്നില്ല. ഓര്‍മ്മയിലുള്ള ആ ശബ്ദത്തിനും അതുണര്‍ത്തിയ കൗതുകത്തിനും അതിലൂടെയറിഞ്ഞ സ്നേഹത്തിനും മുന്നില്‍ എന്തു പരിഭവം !?

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation