ശ്രേഷ്ഠം !

മലയാളത്തെക്കുറിച്ചും അതിന്‌ ഈയിടെ ലഭിച്ച ശ്രേഷ്ഠസ്ഥാനത്തെക്കുറിച്ചും പലരും വാചാലരും രോമാഞ്ചകുഞ്ചിതരുമാവുന്ന നേരത്ത് ഓര്‍മയിലെത്തുന്നത് ‘ചെട്ടിയാര്‍’ എന്ന പേരാണ്‌. അതിന്‌ മലയാളത്തേക്കാള്‍ തമിഴിനോടല്ലേ അടുപ്പമെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാവാം. ഒരു ഭാഷാവിദ്വാന്‍ ഈയിടെ പദനിഷ്പത്തി പറഞ്ഞുകേള്‍പ്പിച്ചതെന്താണെന്നൊ? ചെട്ടിയാര്‍ ‘ വരുന്നത് തമിഴിലെ ‘ചെട്ടി’യില്‍നിന്നാണ്‌. ‘ചെട്ടി’യാകട്ടെ, സംസ്‌കൃതത്തിലെ ‘ശ്രേഷ്ഠി’യില്‍ നിന്നും. ‘ശ്രേഷ്ഠി’ യെന്നതിന്റെ ഉര്‍ദു ഭാഷ്യം ‘സേഠ് ‘ ആണ്‌. അപ്പോഴാണ്‌ തികച്ചും ന്യായമായ ഒരു ചെറിയ സംശയം ഉയരുന്നത് : ‘ശ്രേഷ്ഠഭാഷ’ എന്നു വിശേഷിപ്പിക്കുന്ന ഭാഷ സത്യത്തില്‍ ആരുടേതാണ്‌ ?തമിഴകത്തെ ചെട്ടിയാരുടേതോ ഉര്‍ദുവില്‍ പേശ്കശ് നടത്തുന്ന സേഠിന്റെയോ?
1899 ല്‍ സംസ്‌കൃതം ഇംഗ്ലീഷ് നിഘണ്ടു രചിച്ച് ചരിത്രം സൃഷ്ടിച്ച മഹാപണ്ഡിതനും ബഹുഭാഷാവിദഗ്ധനുമായ സാക്ഷാല്‍ മോണിയര്‍ വില്യംസ് ‘ശ്രേഷ്ഠ ‘ത്തിന്‌ നാനാര്‍ത്ഥങ്ങള്‍ പലതുപറഞ്ഞിട്ടുണ്ട്. അതിമഹത്വമാര്‍ന്നത്, അതിസുന്ദരമായത്, അത്യുത്തമമായത് എന്നിങ്ങനെ എത്രയെത്ര അര്‍ത്ഥങ്ങള്‍! മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കാനര്‍ഹതയുണ്ടെന്ന വാദം കടുത്തപ്പോള്‍ മുതല്‍ നമ്മള്‍ ‘ക്ളാസിക്കല്‍ ‘ എന്നതിനൊരു മലയാളപദത്തിനായി വേട്ട തുടങ്ങിയിരുന്നു. ‘ശ്രേഷ്ഠം’ എന്ന വാക്കിനെ ഏവരും ചേര്‍ന്ന് വോട്ടിനിട്ട് പാസ്സാക്കിയ സ്ഥിതിക്ക്, ക്ളാസിക്കല്‍ എന്നതിനെ ശ്രേഷ്ഠമെന്നു വിളിക്കുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ആരും മിണ്ടരുതെന്നുസാരം. എങ്കിലും ഒന്നുരണ്ട് സംശയങ്ങളെ ആത്മഗതം പോലെ ഒന്നിറക്കിവയ്ക്കട്ടെ.
ശ്രേഷ്ഠമെന്ന വാക്കിനര്‍ത്ഥം ‘അതിവിശിഷ്ടം’ അല്ലെങ്കില്‍ ‘അത്യുത്തമം’ എന്നാണെങ്കില്‍, ശ്രേഷ്ഠമല്ലാത്തതിനെ (ഹിന്ദി, ബംഗാളി, മറാഠി, കൊങ്കണി, ഒഡിയ എന്നിങ്ങനെയുള്ള സാധുഭാഷകളെ ) എന്തുവിളിക്കാം? മ്ലേച്ഛമെന്നോ? അപ്പോള്‍, നമ്മുടെ ന്യായമായ രണ്ടാമത്തെ സംശയമുയരുന്നു : മലയാളം ശ്രേഷ്ഠഭാഷയാണെങ്കില്‍, മലയാളമല്ലാത്ത, ക്ലാസിക്കല്‍ ഭാഷകളായ തമിഴിനെയും സംസ്‌കൃതത്തെയും എന്തുവിളിക്കും? ഇപ്പോള്‍പ്പറഞ്ഞ കണക്കുവച്ചും തമിഴന്റെ ഭാഷാഭിമാനത്തെ ഓര്‍ത്തും, അത് വിളിക്കാന്‍ പേടിയാണ്‌. മറ്റൊരു ഭാഷയുടെയും കലര്‍പ്പില്ലാതെ ആധുനികയുഗത്തിലെ പലതിനും തനിത്തമിഴില്‍ പദങ്ങളെ സൃഷ്ടിക്കുന്ന തമിഴന്റെ ‘ചെമ്മൊഴി’യെ അതിവിശിഷ്ടമെന്നല്ലാതെ എന്തു വിളിക്കും? പാവം തമിഴന്‌ ക്ലാസിക്കല്‍ ലാംഗ്വേജ് എന്നാല്‍ ചെമ്മൊഴി. നമുക്ക് ശ്രേഷ്ഠമായി അസൂയപ്പെടാം.
വേണ്ട, ഇത്രയൊന്നും കടന്നുചിന്തിക്കേണ്ട കാര്യമില്ല. ക്ലാസിക്കല്‍ എന്ന ആംഗലപദം കൊണ്ടര്‍ത്ഥമാക്കുന്നത് പൗരാണികമെന്നും പുരാതനമെന്നുംപരമ്പരാഗതരീതികള്‍ തുടരുന്നതെന്നുമാണ്‌. . അതായത്, പണ്ടുപണ്ടേയുള്ള ഭാഷ, ഇതിഹാസങ്ങള്‍ രചിക്കപ്പെട്ട ഭാഷ. മലയാളത്തെക്കാള്‍ മുമ്പുതന്നെ ഇതിനൊക്കെ അവസരം കിട്ടിയ ഭാഷകളാണ്‌ തമിഴും സംസ്‌കൃതവുമെന്നതില്‍ ആര്‍ക്കുതര്‍ക്കം ! എ.ഡി 832 ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളത്തിന്റെ ലിഖിതരൂപത്തെ മലയാളികളായ ചരിത്രകാരന്മാര്‍തന്നെ വിശേഷിപ്പിച്ചിട്ടുള്ളത് ‘തമിഴും സംസ്‌കൃതവും കലര്‍ന്ന ഒരു ഭാഷ’ എന്നായിരുന്നു. ഇതൊക്കെക്കൊണ്ടാവാം, പൗരാണികം വേണ്ട, ശ്രേഷ്ഠം മതിയെന്ന് നമ്മള്‍ തീരുമാനിച്ചത്.
നമ്മുടെ ചില ഭാഷാവിദഗ്ധര്‍ ഇന്റര്‍നെറ്റിനൊരു മലയാളത്തിനായി നെറ്റില്‍ മുങ്ങിയിട്ട് ഇതുവരെ പൊങ്ങിയിട്ടില്ല. തമിഴന്‍ എത്ര എളുപ്പത്തില്‍ അതിനെ ‘ഇണയല്‍’ ആക്കി. സായിപ്പ് റോബോട്ടെന്ന് പറഞ്ഞപ്പോള്‍ അത് ‘റോബോ’ അല്ലേ എന്നുമാത്രമായിരുന്നു നമ്മുടെ സംശയം. പിന്നെത്തോന്നി അത് യന്ത്രമനുഷ്യനല്ലേയെന്ന്. അതിനുമുമ്പേ തമിഴന്‍ ‘യന്തിരന്‍’ എന്ന് വിളിച്ച് നമ്മളെ ഒരുമാതിരി എന്തരവന്‍മാരാക്കി. റേഡിയോയില്‍ നമ്മുടെ ഉദ്ഘോഷകര്‍ (എന്നുവച്ചാല്‍, പറച്ചിലുകാര്‍) ഡല്‍ഹി റീലേ എന്നും, തരം കിട്ടിയാല്‍ ‘ഴീലേ’ എന്നും പറഞ്ഞു നമ്മെവിരട്ടുമ്പോള്‍, തമിഴില്‍ ഡല്‍ഹി അഞ്ചല്‍ എന്ന് ലളിതമായങ്ങ്‌ പറയും. കംപ്യൂട്ടറിന്‌ കണനി, ഇ-മെയിലിന്‌ മിന്നഞ്ച്, വൈദ്യുതിക്ക് മിന്‍സാരം, സോഫ്റ്റ് വെയറിന്‌ മെന്‍പൊരുള്‍.. ഇങ്ങനെ പല രീതിയില്‍ തനിമ നിലര്‍ത്തുന്ന അവര്‍ ക്ഷേത്രങ്ങളിലെ മന്ത്രങ്ങളെപ്പോലും സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്ന്‌ മാറ്റി തമിഴിലേക്കാക്കിക്കഴിഞ്ഞു.
ഈ ആത്മവിശ്വാസം ശ്രേഷ്ഠമലയാളിക്കിനിയും കൈവന്നിട്ടില്ല. ആംഗലത്തെ മലയാളമാക്കുന്നതിന്റെ പേരില്‍പ്പോലും എടുത്തുപൊക്കാന്‍ കഴിയാത്തത്ര ഭാരമാണ്‌ ഇതിനകം മലയാളത്തിന്‌ കൈവന്നത്‌. ‘ബെഞ്ചി’നെയും ‘സ്വിച്ചി’നെയും മലയാളമാക്കി ഭാഷയെ നമ്മള്‍ പണ്ടേ സുല്ലിടീച്ചതാണ്‌. അതിന്റെയൊക്കെ ശ്രേഷ്ഠഫലമായി, മലയാളപദം സാധാരണക്കാരന്‌ മനസ്സിലാകണമെങ്കില്‍ ആംഗലത്തില്‍ വിശദീകരിക്കണമെന്ന സ്ഥിതിയും വന്നു ! സാങ്കേതികപദങ്ങളെ മലയാളീകരിച്ച് ജനത്തെ പേടിപ്പിക്കുന്നതും മലയാളിയുടെ സ്വന്തം ശീലമാണ്‌. ഈയിടെ ഒരു സ്ഥാപനത്തിലെ സാങ്കേതികപദാവലിയില്‍ ഇന്‍ഷുറന്‍സിന്‌ ‘രക്ഷാഭോഗം ‘ എന്നൊരു മലയാളം കണ്ടു ഞെട്ടിയതിന്റെ കേട് ഇനിയും തീര്‍ന്നിട്ടില്ല. (ഒരു നിഘണ്ടുവിന്റെ ഒരറ്റത്ത് അങ്ങനെ ഒരു വാക്ക് കണ്ടെന്നുകരുതി അതെടുത്തങ്ങ് ചുരിക പോലെ വീശിയാല്‍ നാളെ, ഫോര്‍മുലയെ ചതുര്‍സ്തനമെന്നും സബ്‌ജക്ട് എക്സ്‌പര്‍ട്ടിനെ വിഷയലമ്പടനെന്നും എടുത്തുവീശാന്‍ നമ്മള്‍ മടിക്കില്ല. )

വാല്‍: തമിഴനെ ഗോസായി ‘അണ്ണാ’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ ഈയിടെയായി തമിഴന്‍ മലയാളിയെ കണ്ടാലുടന്‍ ‘ചേട്ടാ’ എന്നു വിളിക്കാറുണ്ട്. ചേട്ടന്റെ ശ്രേഷ്ഠരൂപം ജ്യേഷ്ഠന്‍ . ചേട്ടന്റെ മറ്റൊരു രൂപം ‘ചേട്ട’ ! അഥവാ മ്ലേച്ഛ….!
ചേട്ടാ എന്ന വിളിയിലൂടെ തമിഴന്‍ നമ്മെ ശ്രേഷ്ഠാ എന്നു വിളിച്ച് കളിയാക്കുകയല്ലേ?
തമിഴന്റെ ഒരു ശ്രേഷ്ഠബുദ്ധിയേ !
(‘ശ്രേഷ്ഠത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ‘ എന്ന ശീര്‍ഷകത്തില്‍ 2013 നവംബര്‍ ഒന്‍പതിന്‌ ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം)

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation