വെളിപാടുണ്ടാവാന്‍ ആപ്പിള്‍ തന്നെ വീഴണമോ ?

 

നല്ല തിരക്കുള്ള ജോലികള്‍ക്കിടയിലിരിക്കുമ്പോഴാണ്‌ കാബിന്റെ വാതില്‍ ശക്തിയായി തള്ളിത്തുറന്ന് പ്രായം ചെന്നൊരാള്‍ മുന്നിലെത്തിയത്. കയ്യില്‍ ഒരു ചെറിയ മരച്ചില്ല. അതില്‍ രണ്ടിലയും ഒരു കായും. മുഖത്തെ ഉടക്കുഭാവത്തിന്‌ ഒരയവുവരുത്താനായി ഇരിക്കാന്‍ പറഞ്ഞു നോക്കി. maro2

എടുത്തടിച്ചപോലെ മറുപടി : “ഇരിക്കാനൊന്നും നേരമില്ല. ” എന്നിട്ട്, കയ്യിലിരുന്ന രണ്ടിലയും കായും ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു : “ഇതെന്ത് കായാണ്‌?”

ഏതു തിരക്കിനിടയിലും അക്കഡമിക് സംശയവുമായി ഒരാള്‍ കയറിവന്നാല്‍ മറുപടി നല്‍കേണ്ടത് സര്‍വകലാശാലയില്‍ ജനസമ്പര്‍ക്കവിഭാഗത്തിലെ ആരുടെയും കടമതന്നെ. പക്ഷേ, നട്ടുച്ചനേരത്ത്, കൊലക്കത്തിപോലെ ഇലയും കായും പിടിച്ച് ഒരാള്‍ ഭീഷണിസ്വരത്തില്‍ നിന്നാല്‍ ?

അറിയില്ല

അതുകൊള്ളാം. നിങ്ങളുടെ സ്ഥാപനത്തിന്റെ മുന്നിലുള്ള മരത്തിലെ കായുടെ പേരറിയില്ലേ? പിന്നെന്തിന്‌ ഇവിടെയിരിക്കുന്നു? നിങ്ങളുടെ അന്വേഷണകൗണ്ടറില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കുമറിയില്ല! സെക്യൂരിറ്റിക്കാര്‍ അതിലും വിശേഷം ! എന്നെ പൊലീസിലേല്‍പ്പിക്കും പോലും!! പൊലീസ് വരട്ടെ, വന്നിട്ട് പറയട്ടെ, ഇതെന്തു കായാണെന്ന് !”

രണ്ടും കല്‍പ്പിച്ചുള്ള നില്‍പ്പാണ് ഉത്തരം കിട്ടാതെ പോവില്ല. എന്നാല്‍പ്പിന്നെ, സര്‍വകലാശാലയുടെ ബോട്ടണിവിഭാഗത്തില്‍ തിരക്കി പറഞ്ഞുതരാമെന്ന് പറഞ്ഞു. “അതങ്ങ് പതിനഞ്ച് കിലോമീറ്റര്‍ ദൂരെയല്ലേ? എനിക്കതുവരെ നില്‍ക്കാനൊന്നും നേരമില്ല. നിങ്ങളെന്റെ ചോദ്യത്തിനു വേഗം മറുപടി താ, എനിക്കു പോയിട്ട് വേറെ പണിയുണ്ട്എന്നായി ആ സന്ദര്‍ശകഭീകരന്‍ .

ഒടുവില്‍, കുറെനേരത്തെ അനുനയത്തിനുശേഷം ഫോണ്‍ നമ്പര്‍ തന്നാല്‍ വിളിച്ചറിയിക്കാമെന്ന ധാരണയില്‍ ഒരുവിധം സമ്മതിച്ച് ആള്‍ ഇറങ്ങിപ്പോയി.

മരത്തിന്റെ ചോട്ടില്‍ അതിന്റെ പേരുള്ള ബോര്‍ഡ് വച്ചെങ്കില്‍ ഇങ്ങനെ പരുങ്ങേണ്ട വല്ല കാര്യവുമുണ്ടോ? ” പോകുന്ന പോക്കില്‍ അയാള്‍ പിറുപിറുത്തു.

ആദ്യം തോന്നിയ ഈര്‍ഷ്യ താമസിയാതെ കൗതുകത്തിന്‌ വഴിമാറി.

ഒന്നോര്‍ത്താല്‍, അയാള്‍ ചോദിച്ചതില്‍ കഥയുണ്ട്‌. ആ കായുടെ പേരെന്താവാം?

ബോട്ടണി വകുപ്പില്‍ വിളിച്ച് കായുടെ നിറവും ആകൃതിയും പറഞ്ഞപ്പോള്‍ വന്നക്യു മറുപടി : “കായ് കാണാതെ പറയുന്നത് ശരിയല്ല. ഇനി തെറ്റാണെങ്കില്‍, നാളെ ബോട്ടണി അദ്ധ്യാപകര്‍ക്ക് ഒന്നുമറിയില്ലെന്ന ആരോപണം വരും.”

സര്‍വകലാശാലാ ആസ്ഥാനത്തുനിന്ന് കാമ്പസ്സിലേക്ക് പോയ ബസ്സിലെ കണ്ടക്ടറുടെ കയ്യില്‍ മരച്ചില്ല ഏല്‍പ്പിച്ച് ബോട്ടണി വകുപ്പില്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍, കണ്ടുനിന്നവര്‍ക്ക് ചിരി. വട്ടായിരിക്കും എന്നൊരാള്‍. തലയിലെങ്ങാനും കായ് വീണതിന്റെ കലിപ്പായിരിക്കുമെന്ന് വേറൊരാള്‍.

ആയിക്കോട്ടെ, എന്നാലും ഇതൊന്നറിയണമല്ലോ എന്നു പറഞ്ഞപ്പോള്‍ ഒരാളെങ്കിലും മനസ്സില്‍ ചോദിച്ചിരിക്കും : ‘ഇങ്ങേര്‍ക്കും വട്ടായോ“?

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോട്ടണി വകുപ്പില്‍ നിന്ന് വിളിവന്നു :”കൊടുത്തയച്ച കായ് കിട്ടി. ഇതിന്റെ പേരാണ്‌ മരോട്ടിക്ക“.

തലയില്‍ കൈവച്ചുപോയി . marott

എത്ര അര്‍ത്ഥവത്തായ പേര്! ആ മനുഷ്യന്റെ മുന്നില്‍ അത്രയും നേരം നമ്മള്‍ കുറെപ്പേര്‍ ഇരുന്നത് ഈ കായ് തിന്ന കാക്കയുടെ ഭാവത്തിലായിരുന്നല്ലോ !

ശല്യക്കാരന്‍ നല്‍കിയ നമ്പരില്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍, ഫോണ്‍ എടുത്ത സ്ത്രീക്ക് ചിരി — ‘ ! അവിടെയും വന്നോഎന്ന മട്ടില്‍. ഇതാരുടെ വീട്ടിലെ ഫോണാണെന്ന് തിരക്കിയപ്പോള്‍ അവര്‍ ആളിന്റെ പേരുപറഞ്ഞു ഒരു റിട്ടയേഡ് ബോട്ടണി പ്രഫസര്‍ !

മുപ്പതുകൊല്ലത്തോളം കേരളത്തിലെ പല കോളെജുകളില്‍ ബോട്ടണി പഠിപ്പിച്ചെങ്കിലും നാട്ടിലാര്‍ക്കും മരങ്ങളെപ്പറ്റി ഒന്നുമറിയാത്തതിന്റെ അസഹിഷ്ണുതമൂലമാണത്രേ അദ്ദേഹം ഇങ്ങനെ കയറിയിറങ്ങി പലരെയും മരോട്ടിക്ക തീറ്റിക്കുന്നത് ! മരോട്ടിക്ക മാത്രമല്ല, സാറിന്റെ കയ്യില്‍ മറ്റു പല കായ്കളുമുണ്ടുപോലും !

പക്ഷെ, ആ മരോട്ടിക്ക നല്‍കുന്നത് ജനസമ്പര്‍ക്കജോലിയിലെ ചില പാഠങ്ങളാണ്. അപ്രധാനമെന്ന് നാം കരുതുന്ന പലതിലും ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നും , ജനത്തിന്‌ എന്തു വിവരമാണ്‌ വേണ്ടതെന്നുള്ളതിന്റെയും ഉപകാരപ്രദമാവുന്നു എന്നതിന്റെയും അവസാനവാക്ക് നമ്മളല്ല, ജനം തന്നെയാണെന്നുമുള്ള ലളിതമായ ഒന്നാം പാഠം .

ഇരിക്കുന്നത് സര്‍വകലാശാലയിലാണെന്നു കരുതി പലതും അറിയണമെന്നില്ലെന്നും വെളിപാടുണ്ടാവാന്‍ ആപ്പിള്‍ തന്നെ വീഴണമെന്നില്ല. മരോട്ടിക്കയായാലും മതിയെന്നുമുള്ള രസകരമായ രണ്ടാം പാഠം..

വെളിപാട് : തിരിച്ചറിയല്‍ രേഖകളുടെ കാലമായ ഇന്നും പല പൊതുസ്ഥാപനങ്ങള്‍ക്കും മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പല വന്‍മരങ്ങള്‍ക്കുകീഴിലും അവയുടെ പേരില്ല !! പരിസ്ഥിതിദിനം പ്രമാണിച്ച് എല്ലാരും മത്സരിച്ച് മരം വച്ചസ്ഥിതിക്ക് ഇനി ആരെങ്കിലും ആ പേരെഴുത്തുയജ്ഞം ഒന്ന് തുടങ്ങുമോ ? പേരിനുവേണ്ടിയെങ്കിലും?

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation