ദാസനും കിച്ചടിയും

ഇന്നലെച്ചെയ്തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്‌ത്രവുമായേക്കുമെന്ന ഒരു മഹാകവിയുടെ മുന്നറിയിപ്പ് ഓര്‍ക്കാനുള്ള അവസരങ്ങളാല്‍ സമൃദ്ധമാണ്‌ നമ്മുടെ വര്‍ത്തമാനകാലം. വിശേഷിച്ചും നമ്മുടെ ഭാഷാപ്രയോഗത്തില്‍.
ചില വാക്കുകള്‍ക്ക് അവയുടെ രൂപത്തിനനുസരിച്ച് അര്‍ത്ഥം നല്‍കി തലമുറകളെത്തന്നെ വഴിതെറ്റിക്കുന്നത് പണ്ടുമുതല്‍ക്കേ നമ്മുടെ ശ്രേഷ്ഠശീലമാണ്‌. ഒരു കോളേജില്‍ ‘കാഷ്വറിന ട്രീ’ എന്നൊരു കവിത പഠിപ്പിച്ച് പുറത്തിറങ്ങിയ മാഷിനോടൊരു കുട്ടി ഉറക്കെ ചോദിച്ചു : കാഷ്വറീന എന്നാല്‍ എന്താ സര്‍, കശുമാവാണോ? പോണപോക്കില്‍ ആദ്യമൊന്നു പകച്ചെങ്കിലും ഏമ്പക്കം പോലെ സാര്‍ പറഞ്ഞു : ‘ ബദാം ‘. അടുത്ത രണ്ടുകൊല്ലം ആ കവിത പഠിച്ച കുട്ടികളും പില്‍ക്കാലത്ത് അവര്‍ പഠിപ്പിച്ചവരും അത് ബദാമല്ല, കാറ്റാടിമരമാണെന്ന് തിരിച്ചറിയാന്‍ എത്ര നാളെടുത്തുകാണുമോ ആവോ ? ‘ഡൗണ്‍ റ്റു എര്‍ത്ത് ‘എന്ന ആംഗല പ്രയോഗത്തിന്റെ ശരിയായ അര്‍ത്ഥം പ്രായോഗികബുദ്ധിയുള്ള എന്നാണ്‌. എന്നാല്‍, നമ്മുടെ പല വിദ്യാസമ്പന്നരും അതിനെ ‘വിനയാന്വിതന്‍’ എന്നാണ്‌ ധരിച്ചിരിക്കുന്നത്. അതായത് പുല്‍ക്കൊടിയോളം താഴുന്നത്ര വിനയം ! സ്വാഭാവികം എന്നര്‍ത്ഥമുള്ള ‘സ്പൊണ്ടേനിയസ് ‘ ‘ എന്ന ആംഗലവാക്കിനെ ‘സ്ഫോടനാത്മകം’ എന്ന് ചങ്കൂറ്റത്തോടെ പഠിപ്പിച്ച വിരുതന്മാരുള്ള നാട്ടില്‍ ‘കൊളാബറേഷന്‍’ എന്നാല്‍ എന്തോ വലിയ കുഴപ്പമാണെന്ന്‌ സാധാരണജനം കരുതിയാല്‍ കുറ്റപ്പെടുത്താനാവുമോ?

മലയാളിയുടെ ചങ്കൂറ്റത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ‘ദാസ് ക്യാപ്പിറ്റല്‍’ എന്ന പ്രയോഗം. ‘ദാസ് ‘ എന്ന് നീട്ടിപ്പറയുന്നതുകേട്ടാല്‍ തോന്നും നമ്മുടെനാട്ടിലെ ഏതോ ദാസ് ഒരു മൂലയിലിരുന്ന് രചിച്ച സാധനമാണ്‌ ‘മൂലധന’മെന്ന്. അത് ദാസ് അല്ല, ‘ദസ് ‘ ആണ്‌. ജര്‍മന്‍ ഭാഷയില്‍ ‘ദസ്’ എന്നാല്‍ ആംഗലത്തിലെ ‘ദ’ ആണ്. ഇതംഗീകരിക്കാതെ, അല്ലെങ്കില്‍ അറിയാതെ, ദാസ് എന്നങ്ങ് നീട്ടുന്നതാണ്‌ നമ്മുടെ തലമുറകളായുള്ള ശീലം. ഇനി, സാക്ഷാല്‍ മാര്‍ക്സ് വന്നുപറഞ്ഞാലും നമ്മള്‍ ദാസിനെ കൈവിടില്ല. കാരണം, ‘ദസ് ക്യാപിറ്റല്‍’ എന്ന ആ കൃതി വായിച്ചിട്ടുള്ളവരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നമ്മള്‍ മലയാളികള്‍ തന്നെയാവുമല്ലോ .

ഇതിനോട് കിടപിടിക്കുന്ന മറ്റൊന്ന് സ്വാമി വിവേകാനന്ദന്റെ നൂറ്റി അമ്പതാം ജന്മവാര്‍ഷികം പ്രമാണിച്ച് സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകൃതമായ ‘സ്വാമി വിവേകാനന്ദന്‍ : ജീവിതവും ഉപദേശങ്ങളും ‘ എന്ന കൃതിയില്‍ കാണാനുള്ള ഭാഗ്യം ഈയിടെ സിദ്ധിച്ചു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സ്വാമിക്ക് ബേലൂര്‍ മഠത്തിലുള്ളവര്‍ ഒരു തളിക നിറയെ “കിച്ചടി” വിളമ്പിക്കൊടുത്തതായി കൃതിയുടെ അറുപതാം പേജില്‍ കാണുന്നു.

കിച്ചടി എന്നുകേട്ടാലാര്‍ക്കും സംശയം തോന്നും : അതൊരു തൊട്ടുകൂട്ടാനല്ലേ? ഒരു തളിക നിറയെ വെള്ളരിത്തൊട്ടുകൂട്ടാന്‍ വിളമ്പാന്‍ ബേലൂരെന്താ വെള്ളരിക്കാപ്പട്ടണമോ?
അപ്പോള്‍, ഇലയില്‍ ഒരറ്റത്ത് പാവത്തെപ്പോലെയിരിക്കുന്ന കിച്ചടിയായിരി ക്കില്ലെന്നര്‍ത്ഥം.
സത്യവും അതായിരുന്നു.
ബംഗാളില്‍ ജനിച്ച സ്വാമി വിവേകാനന്ദന്‌ ഏറെയിഷ്ടപ്പെട്ട വിഭവം നമ്മുടെ കിച്ചടിയല്ല, ‘ഖിച്ച്ഡി ‘എന്ന വടക്കേയിന്ത്യന്‍ ആഹാരമായിരുന്നു. സംസ്കൃതത്തിലെ ‘ഖിച്ച ‘യില്‍ നിന്ന് രൂപം കൊണ്ടതാണ്‌ ‘ ‘ഖിച്ച്ഡി’. ‘അരിയും പയറും ചേര്‍ന്ന ആഹാരം ‘ എന്നാണിതിന്‌ നിഘണ്ടു നല്‍കുന്ന അര്‍ത്ഥം . പയറുകഞ്ഞി എന്ന് പച്ചമലയാളം.
ഒരു നിഘണ്ടു നോക്കിയിരുന്നെങ്കില്‍ കാര്യം പിടികിട്ടിയേനെ. പക്ഷേ, നമ്മുടെ വിവര്‍ത്തകര്‍ ആധുനികരായിപ്പോയല്ലോ . നിഘണ്ടു നോക്കുന്നത് ഔട്ട് ഒഫ് ഫാഷനായെങ്കില്‍ ‘വിക്കി’ യില്‍ നോക്കാമായിരുന്നു. അവിടെ പ്രത്യേകം പറയുന്നുണ്ട് :Not to be confused with kichadi of Kerala എന്ന് !
പക്ഷേ, നമ്മുടെ പരിഭാഷകര്‍ക്ക് അങ്ങനെ ഒരു സംശയമേ തോന്നിയിരിക്കില്ല. അതുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ നമുക്കു കിട്ടി- ഒരു കിച്ചടിപ്പിശാച് !
ഇപ്പോള്‍ കുറെക്കാലമായി കേള്‍ക്കുന്ന ശ്രേഷ്ഠ പ്രയോഗം വല്ലഭായി എന്നതാണ്‌. വല്ലഭ് ഭായ് പട്ടേലെന്നതിനെ വല്ലവിധേനയും ‘വല്ലഭായി’ ആക്കി വലിയവായില്‍ സായുജ്യമടയുകയാണ്‌ ശ്രേഷ്ഠമലയാളി.
ശ്രേഷ്ഠപദവി കിട്ടിയതില്‍പ്പിന്നെ നമ്മുടെ ചങ്കൂറ്റം കൂടിയതുകൊണ്ടാവാം ഇതിലൊന്നും ആര്‍ക്കും ഒരു കൂസലുമില്ലാത്തത്.
നോ ബഡി കൂസസ് എന്ന് ആംഗലം. ഹല്ല പിന്നെ !

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation