ജനസമ്പര്‍ക്കത്തിന്റെ അങ്ങേത്തലയ്ക്കല്‍

സ്വന്തം ഛായയെക്കാള്‍ പ്രതിച്ഛായയ്ക്ക് മാര്‍ക്കറ്റ് കൂടിയപ്പോള്‍, സമ്പര്‍ക്കജോലി അഥവാ പബ്ലിക് റിലേഷന്‍സ് ഒരു വലിയ തൊഴിലും വ്യാപാരവും വ്യവസായവുമൊക്കെയായി മാറി. നാട്ടില്‍ റ്റെലിഫോണുകളുടെ എണ്ണം ജനസംഖ്യയെക്കാള്‍ കൂടുകയും ചെയ്തപ്പോള്‍, ജനബന്ധത്തിലെ അടിസ്ഥാനപ്രവര്‍ത്തനമായ വിവരവിനിമയം ഏറ്റവുമധികം നടക്കുന്നത് ഫോണ്‍ വഴിയുമായി . ഫോണ്‍സംസാരം ഒരു ‘വെര്‍ബല്‍ ഹാന്‍ഡ് ഷേക്ക് ‘ ആയി വേണം മറുഭാഗത്ത്‌ അനുഭവപ്പെടേണ്ടത്‌. അതായത്‌, വാക്കുകള്‍ കൊണ്ടൊരു ഹസ്തദാനം. അതില്‍, മര്യാദയും സൗമ്യതയും അനിവാര്യം. എന്നാല്‍, ഇന്ന് പല സ്ഥാപനങ്ങളുടെയും ഇമേജിന്‌ കോട്ടമുണ്ടാക്കുന്നത്` അവിടത്തെ റ്റെലിഫോണാണെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാര്‍ക്ക് ഫോണ്‍ മര്യാദയെക്കുറിച്ച് പരിശീലനം എത്രത്തോളം ലഭിക്കുന്നുണ്ടോ ആവോ?

എന്നാല്‍, കുറേ വര്‍ഷത്തെ ‘ഹസ്തദാനാനുഭവ’ത്തിന്റെ വെളിച്ചത്തില്‍ ഒന്നു പറയാം — മറുപടി നല്‍കുന്നവര്‍ക്കെന്നപോലെതന്നെ, ഇങ്ങോട്ട് വിവരം ചോദിക്കുന്നവര്‍ക്കുമാവാം ചില മര്യാദകള്‍. ഫോണിലൂടെ എത്തുന്ന മര്യാദയില്ലായ്മയുടെ കഥകള്‍ കേള്‍ക്കാന്‍ രസമെങ്കിലും അനുഭവിക്കുന്നവരുടെകാര്യം മഹാകഷ്ടം.
ഒന്നുരണ്ട് അനുഭവം പറയാം .
ഇങ്ങോട്ട് വിളിക്കുന്നതിന്‌ ഒരു സമയമുണ്ടോ എന്നൊന്നും ചോദിക്കരുത്‌. ഒരു സര്‍വകലാശാലയുടെ ജനബന്ധവിദ്യാവിഭാഗത്തിലിരുന്നപ്പോള്‍ രാത്രി പന്ത്രണ്ടരയ്ക്ക് ഒരുവന്‍ വിളിക്കുന്നു. ” ഹലോ, സാറേ, ഇതു ഞാനാ. മനസ്സിലായാ?”
“ഇല്ല. എന്താ കാര്യം?”
“നാളത്തെ എല്‍എല്‍ബി പരീക്ഷ മാറ്റിയാ??”
“ഇല്ല… അല്ല, സമയമെത്രയായി?”
കയ്യോടെ മറുപടി: :” പന്ത്രണ്ടര. സെക്കന്‍ഡ് ഷോ കഴിഞ്ഞിപ്പോള്‍ എത്തിയതേയുള്ളൂ. സാറ്‌ എന്തൊ എടുക്കുന്നു ? ചാപ്പാടൊക്കെ കഴിഞ്ഞാ…?”
ജനബന്ധമല്ലാതെ മറ്റെന്തെങ്കിലുമായിരുന്നു പണിയെങ്കില്‍ എന്നാശിച്ചുപോയി !

ഏതു പരീക്ഷയെന്ന്‌ വ്യക്തമായി ചോദിക്കാനുള്ള മര്യാദയെങ്കിലും ഈ പന്ത്രണ്ടരക്കാരന്‍ കാട്ടിയല്ലോ ! ചിലര്‍ ആ ദാക്ഷിണ്യവും കാണിക്കാറില്ല.
ഒരു സാമ്പിള്‍ : ” ഹലോ, യൂണിവേഴ്‌സിറ്റിയല്ലേ? എന്റെ പരീക്ഷ എന്ന് തുടങ്ങും?”
“ഏതു പരീക്ഷ?”
“സെക്കന്‍ഡ് ഇയര്‍ ”
ഇനിയും നാലോ അഞ്ചോ ചോദ്യം കൂടി അങ്ങോട്ടു ചോദിച്ചാലേ ആള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് വെളിപ്പെടൂ. അതായത്, വിളിക്കുന്നതാരെന്നും അയാള്‍ എഴുതുന്ന പരീക്ഷ ഏതെന്നും മറുപടി പറയുന്നയാളും അറിഞ്ഞിരിക്കണമെന്ന വാശി! എന്തു വിവരമാണ്‌ അറിയേണ്ടതെന്നതിനെപ്പറ്റി സാമാന്യധാരണയില്ലാതെ ചാടിവീണ്‌ ഫോണെടുക്കുന്നവരുമുണ്ട്.

ചിലരുടെ പ്രശ്നം അവര്‍ക്ക് യഥേഷ്ടം സമയം ഉണ്ടെന്നതാണ്‌ . മറുപടി പറയുന്നയാള്‍ക്കുമുന്നില്‍ പത്തുപേര്‍ കാത്തുനില്‍പ്പുണ്ടാവും . അതിന്റെ തിരക്കില്‍ അയാള്‍ വിവരം പെട്ടെന്ന് നല്‍കിയാലോ? വിളിച്ചയാള്‍ ഒരു ധൃതിയുമില്ലാതെ പറയും : ‘ഒരു മിനിട്ട്, ഞാന്‍ ഒന്ന് എഴുതിയെടുക്കട്ടെ”
എന്നിട്ട്, വീട്ടിലെ ആരോടെങ്കിലും വിളിച്ചുപറയും : “ആ പേനയൊന്നെടുക്ക് ”
ഒടുവില്‍, പേനയെത്തുംവരെ മറുപടിക്കാരന്‍ തലയിലെഴുത്തുമായി ക്ഷമയോടെ നില്‍ക്കണം. കുറിച്ചെടുക്കാനൊരു പേന പോലും കരുതാത്ത ഈ മര്യാദയില്ലായ്മയോട് നീരസം കാണിക്കുന്നതെങ്ങനെ? വിശേഷിച്ചും മറുപടി നല്‍കാനിരിക്കുന്നവര്‍ ഒരു സ്ഥാപനത്തിന്റെ വക്താക്കളാണെങ്കില്‍.
താന്‍ ഒരു വക്താവാണെന്ന ബോധം എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുണ്ടാവണമെന്നില്ല. അപ്പോഴാണ്‌ ‘ഹസ്തദാനം ‘ കയ്യാങ്കളിയാവുന്നതും സേവകരെല്ലാം അഹങ്കാരികളാണെന്ന തോന്നല്‍ ചിലര്‍ക്കെല്ലാം ഉണ്ടാവുന്നതും.

ഒരു മൊബൈല്‍പ്രയോഗമാണ്‌ ഇന്നത്തെ നമ്പര്‍ വണ്‍ മര്യാദകേട് . നമ്പരോ മേല്‍വിലാസമോ പറഞ്ഞുകൊടുത്താല്‍ , അതിനെ മൊബൈലില്‍ ‘സേവു’ന്ന ഒരു ഭീകരകൃത്യമുണ്ട്. മൊബൈലില്‍ കുത്തുന്ന ഓരോ കുത്തും ഫോണുംപിടിച്ചുനില്‍ക്കുന്ന നമ്മുടെ ചെവിയില്‍ എയര്‍ ഹോണോ സൈറനോ പോലെയാണ്‌ കുത്തിക്കയറുക. ഈ മൊബൈല്‍ മര്യാദകേടില്‍നിന്ന് രക്ഷപ്പെടുത്താന്‍ എന്തെങ്കിലും സാങ്കേതികവിദ്യ വന്നെങ്കില്‍ ,ഈശ്വരാ!

കാര്യമെന്തായാലും, ഫോണിലൂടെ വിവരം തിരക്കുന്നവരോട് മര്യാദയില്ലാതെ സംസാരിക്കുന്നതിന്‌ ഇതൊന്നും ഒരു ന്യായീകരണമേയല്ല. മാത്രമല്ല, ജനബന്ധത്തിലെ രസങ്ങളിലൊന്ന് ഇത്തരം വിവരവിനിമയം തന്നെയാണ്‌. ഏകാന്തതയുടെ ബോറടിയില്‍നിന്ന് പൊതുജനം രക്ഷിക്കുന്നില്ലേ? ഇതിലൂടെ, ഒരുപാട് കാര്യങ്ങള്‍ അറിയാനും കഴിയുന്നില്ലേ? നമ്മള്‍ പറയുന്നത് ആരൊക്കെയോ കാര്യമായി എടുക്കുന്നു എന്ന ചാരിതാര്‍ത്ഥ്യം ചെറുതുമല്ല. ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതെ വീര്‍പ്പുമുട്ടുന്ന അനേകായിരങ്ങളുമായി നോക്കുമ്പോള്‍, ഇതൊരു മഹാഭാഗ്യം തന്നെയല്ലേ?

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation