ജനബന്ധവിദ്യയും ബക്കറ്റും

പതിനേഴുവര്‍ഷം മുമ്പ്, ആകാശവാണിയിലെ മാദ്ധ്യമജോലിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് മേഖലയിലേക്ക് ചുവടുമാറ്റിയപ്പോള്‍ ജോലിയുടെ പ്രകൃതത്തിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ച് വലിയ ആശങ്കയൊന്നുമില്ലായിരുന്നു. പുതിയ സ്ഥാപനത്തിലെ ആളുകളുമായി എങ്ങനെ നല്ല ബന്ധമുണ്ടാക്കാം? അതായിരുന്നു പ്രധാനചിന്ത. ‘പബ്ലിക് ‘ എന്നതില്‍ പൊതുജനം മാത്രമല്ല, സ്ഥാപനത്തിനകത്തുള്shakehandളവരും ഉള്‍പ്പെടുമല്ലോ. ഇരുവിഭാഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാവണം. അതിനല്‍പ്പം ശ്രമം കൂടിയേ തീരൂ. അതുകൊണ്ടാണ്‌ ഒരു സര്‍വകലാശാലയില്‍ ജനബന്ധവിദ്യയുടെ ചുമതലക്കാരനായി സ്ഥാനമേറ്റയുടനെ അവിടത്തെ രണ്ടാം നിലയിലെ ആദ്യം കണ്ട വാതിലിലൂടെ പരീക്ഷാവിഭാഗത്തില്‍ ചെന്നുകയറിയത്.

കുറച്ചുപേരെ ഒന്ന് പരിചയപ്പെടുകമാത്രമായിരുന്നു ലക്ഷ്യം. ഇനി ഇവരൊക്കെയാണല്ലോ വേണ്ടത്.

മുന്നിലെത്തുന്നവരെ പിണങ്ങിയ ഭാവത്തോടെ നോക്കുന്ന ഒരാളായിരുന്നു എന്റെ ആദ്യത്തെ ഇര. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആള്‍ എഴുന്നേറ്റു. കൈനീട്ടിയപ്പോള്‍ ആദ്യമൊന്നറച്ചെങ്കിലും അയാളും നീട്ടി. പിന്നെ അടുത്തയാള്‍. അവിടെയും കൈയ്ക്ക് ‘സ്റ്റാര്‍ട്ടിംഗ് ട്രബ്‌ള്‍… മൂന്നാമത്തെയാള്‍ രണ്ടും കല്‍പ്പിച്ച് വലം കയ്യില്‍ ഒരു ഫയലെടുത്തുനിന്നു – അപ്പോള്‍ കൈ നീട്ടേണ്ടല്ലോ !
ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍, ആ ഹാളിലിരുന്ന എട്ടുപത്തുപേര്‍ എഴുന്നേറ്റുനിന്ന് വല്ലാതെ തുറിച്ചുനോക്കുന്നു, എന്തോ അത്യാഹിതം സംഭവിച്ചതുപോലെ. അല്ലെങ്കില്‍, ഒരു സ്വകാര്യ സ്ഥലത്ത് അനഭിമതനായ ഒരുവന്‍ അതിക്രമിച്ചുകടന്നതുപോലെ…

ബാക്കിയുള്ളവരെ പിന്നെ പരിചയപ്പെടാം എന്ന് ഒരുവിധം പറഞ്ഞൊപ്പിച്ച് അവിടെനിന്നിറങ്ങിയപ്പോള്‍ അങ്ങോട്ടു കയറേണ്ടിയിരുന്നില്ലെന്നാണ്‌ തോന്നിയത്. കണ്ടിട്ട് ഇഷ്ടപ്പെടാത്തതാണോ അതോ മുമ്പാരും ഇങ്ങനെ കൈയും നീട്ടിച്ചെന്നിട്ടില്ലാത്തതാണോ കാരണം? എന്തായാലും ആദ്യ അനുഭവം നിരാശാജനകം!

ജനസമ്പര്‍ക്കമെന്ന വാക്കിനോടെന്താണ്‌ പലര്‍ക്കും അലര്‍ജിയെന്ന് പിന്നീട് സഹപ്രവര്‍ത്തകരോടുതിരക്കി. ‘എന്താണെന്നറിയില്ല..പലര്‍ക്കും എന്തോ പരിഭവമുണ്ടെ’ന്നായിരുന്നു പൊതുവേ വന്ന മറുപടി. മുമ്പ് ഈ ചുമതല വഹിച്ചയാളിനുണ്ടായ അനുഭവവുമായി നോക്കിയാല്‍ ഇതൊന്നും ഒന്നുമല്ല എന്നൊരു ആശ്വാസവചനവും കേട്ടു.
ആ അനുഭവം നടക്കുന്നത് മൊബൈല്‍ ഫോണ്‍ വരുന്നതിനും ഒന്നര ദശകം മുമ്പാണ്‌.

sapling                         സര്‍വകലാശാലാവളപ്പില്‍ ഒരു വൃക്ഷത്തൈ നടാനായി രാവിലെ പത്തിന്‌ മന്ത്രി വരുന്നു. ഒന്‍പതുമണിക്കുമുമ്പുതന്നെ തൈയും അതുനടാന്‍ കുഴിയും മൂടാന്‍ മണ്ണും തൂമ്പയും  അതിനുശേഷം കൈകഴുകാന്‍ ബക്കറ്റും വെള്ളവും സോപ്പും തോര്‍ത്തും പിന്നെ നടത്തിപ്പുകാരായി പി.ആര്‍ ഒയും സംഘവും റെഡി. കാര്യമൊന്നുമില്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘പീയാറോ’മാര്‍ക്ക് ഇത്തിരി റ്റെന്‍ഷന്‍ പതിവാണ്‌. അതിന്റെ അളവുകൂടുന്തോറും പരിസരബോധവും കുറയും. അങ്ങനെയൊരു നിമിഷം നോക്കി ആരോ പറഞ്ഞു : ‘സാറിനെ വി.സി. തിരക്കുന്നു..’
എന്തോ ആലോചിച്ചുകൊണ്ട്‌ വി സിയുടെ ഓഫീസിലേക്ക് പടികയറുന്നതിനിടയില്‍ ആളിനൊരു വെളിപാടുണ്ടായി : ‘വി. സി വന്നില്ലല്ലോ. പിന്നെന്തിന്‌ ഓഫീസിലേക്ക് കയറണം?’
തിരികെയെത്തിയപ്പോള്‍ , ബക്കറ്റും വെള്ളവും കാണാനില്ല !
രണ്ടുമിനിറ്റുകൊണ്ട് ഒരു ബക്കറ്റ് എവിടെപ്പോകാന്‍ ? പക്ഷേ, ആരും കണ്ടില്ല, ആര്‍ക്കുമറിയില്ല എവിടെപ്പോയെന്ന്‌.     buck1
മന്ത്രി എങ്ങനെ കൈ കഴുകും?

ബക്കറ്റും തേടി പലരും പലവഴിക്ക് പാഞ്ഞു. ഒരാള്‍ പുതിയ ബക്കറ്റിനായി കടയിലേക്കുമോടി. പക്ഷേ, അന്ന് കടതുറക്കാന്‍ മണി പത്താവും. അപ്പോഴേയ്ക്കും മന്ത്രി വന്ന്‌, കൈകഴുകാതെ തിരികെപ്പോകും. പിന്നെ, ചടങ്ങുനടത്തിപ്പിന്റെ കണക്കുതീര്‍ക്കുമ്പോള്‍ ഓഡിറ്റര്‍ ചോദിക്കും : ഒരു മന്ത്രിക്ക് കൈ കഴുകാന്‍ രണ്ടു ബക്കറ്റോ?
ഏതായാലും, മന്ത്രിയും പുതിയ ബക്കറ്റുമെത്തുന്നതിന്‌ അഞ്ചുമിനിറ്റ് മുമ്പ് , കാണാതായ ബക്കറ്റ് കണ്ടെത്തി. നൂറു മീറ്ററകലെ, പാതി ചാരിയിരുന്ന ഒരു വാതിലിന്നു പിന്നില്‍ ആരോ ഒളിച്ചുവച്ചിരുന്നതാണുപോലും !എന്തൊരു സ്നേഹം ! എന്തൊരു കരുതല്‍ ! എന്തൊരു തന്ത്രജ്ഞത !

പുതിയ പി ആര്‍ ഒയ്ക്ക് കൈ തരാന്‍ മടിച്ചെന്നല്ലേയുള്ളൂ… കൈകഴുകല്‍ മുടക്കാനൊന്നും ആരും ശ്രമിച്ചില്ലല്ലോ എന്ന എന്റെ ആശ്വാസത്തിനിടയിലും ഒരു സംശയം തീരുന്നില്ല. താനിരിക്കുന്ന ഓഫീസിലെ അല്‍പ്പം ഇടം തന്റേതുമാത്രമെന്നും അവിടെയെത്തുന്ന മറ്റാരും അന്യരാണെന്നുമുള്ള ഈ സമീപനത്തിനുപിന്നില്‍ ജനബന്ധവിദ്യയോടുള്ള വിമുഖതയാണോ അതോ ജനങ്ങളെത്തന്നെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണോ? അതോ കൈകാര്യം ചെയ്യുന്നതെല്ലാം ഔദ്യോഗികരഹസ്യമാണെന്നും മുന്നിലെത്തുന്നവര്‍ അനര്‍ഹമായ കാര്യങ്ങള്‍ക്കായി വരുന്നവരാകാമെന്ന ആശങ്കയോ?
എന്തായാലും ‘ചികിത്സ’ അനിവാര്യം എന്നല്ലാതെന്തു പറയാന്‍ ?

“ഇതൊരു ഓഫീസാണ്‌. ആര്‍ക്കെങ്കിലും കയറിനിരങ്ങാനുള്ള ഇടമല്ല ” എന്ന് ഓഫീസിലും നിരത്തിലും സിനിമയിലും രാഷ്ട്രീയനാടകത്തിലുമൊക്കെ കേട്ടുകേട്ട് പൊതുസ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ഉടമകളായ ജനവും സ്വയം ഒതുങ്ങിക്കൂടുകയല്ലേ?

‘കയറി നിരങ്ങാന്‍ ‘ ജനമില്ലെങ്കില്‍ മിടുക്കുകാട്ടാനുള്ള ഈ തിണ്ണകള്‍ നാളെ കാണുമോ എന്ന് എത്രപേര്‍ ചിന്തിക്കുന്നു?

പിന്‍കുറിപ്പ്: ആദ്യദിനത്തിലെ അനുഭവം ഉണര്‍ത്തിയ ചിന്തകളാണ് ഇവിടെ കുറിച്ചത്.   അവരിലൊരാളാണ് ഞാനുമെന്ന് ബോദ്ധ്യമായതിനാലാവം, പിന്നീടങ്ങോട്ട് സഹകരണത്തിനും സ്നേഹത്തിനുമൊന്നും കുറവുണ്ടായിരുന്നില്ല.

Share This:

Leave a Reply

Your email address will not be published. Required fields are marked *

Post Navigation